Join News @ Iritty Whats App Group

ഗെയിം കളിക്കുന്നതിനിടെ വന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തു ; നഷ്ടമായത് രണ്ട് ലക്ഷം രൂപ


അമ്മയുടെ ഫോണില്‍ ഓണ്‍ലൈൻ ഗെയിം കളിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായി രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18 കാരൻ ജീവനൊടുക്കി. മുംബൈയിലെ നാലസൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാർഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ തന്നെ വഴക്ക് പറയുമെന്ന് ഭയന്ന് വിദ്യാർഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാർഥിയെയാണ് കണ്ടത്. ഉടൻ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ വിദ്യാർഥിയുടെ മരണശേഷവും വീട്ടുകാർ അറിഞ്ഞിരുന്നില്ല. ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം അരംഭിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകള്‍ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനെത്തുടർന്ന് ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. സൈബർ സെല്ലില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ നഷ്ടപ്പെട്ട തുക തിരിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു എന്ന് പോലീസ് പറഞ്ഞു. സമാനമായ അനേകം കേസുകള്‍ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുകയും പല കേസുകളിലും മുഴുവൻ തുകയും തന്നെ തിരിച്ചുപിടിക്കാനും സാധിച്ചിരുന്നു. വിദ്യാർഥി ഭയന്നതാണ് പ്രശ്‌നമായതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group