Join News @ Iritty Whats App Group

തള്ളിയിട്ടത് കൊല്ലാന്‍ തന്നെ, വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി ; തലയോട്ടി പൂര്‍ണമായി തകര്‍ന്നു, കൈകാലുകള്‍ അറ്റുപോയി


മുളങ്കുന്നത്തുകാവ്: ടി.ടി.ഇയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി രജനികാന്തയെ റെയില്‍വേ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസും തൃശൂര്‍ റെയില്‍വേ പോലീസും ചേര്‍ന്നാണ് പ്രതിയെ തെളിവെടുപ്പിനു വേണ്ടി സംഭവസ്ഥലത്തെത്തിച്ചത്. പരുക്കു മൂലം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ട് റെയില്‍വേ ട്രാക്കില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സംഭവ സ്ഥലം കാട്ടിക്കൊടുക്കുകയും എങ്ങനെയാണ് പ്രേരണ ഉണ്ടായതെന്നും പോലീസിനു വിവരിച്ചു നല്‍കി.

വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പോലീസ് ഇന്നലെ തന്നെ പിടികൂടിയത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നും തലയോട്ടി പൂര്‍ണമായി തകര്‍ന്നിരുന്നുവെന്നും പറയുന്നു.

ട്രെയിന്‍ ഒരു ട്രാക്കില്‍നിന്നും മറ്റൊരു ട്രാക്കിലേക്ക് കടക്കുന്ന പാളത്തിന്റെ പരന്ന ഭാഗത്ത് വീണതുകൊണ്ടാണ് അങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല, താഴെ വീണപ്പോള്‍ മറ്റൊരു ട്രെയിനും തട്ടിയതാണ് മറ്റു പരുക്കുകള്‍ക്കും കാലുകള്‍ അറ്റു പോകാനും കാരണമെന്ന് ഫോറന്‍സിക് വിഭാഗം പറഞ്ഞു.ഡോ. ഷീജുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതിനുശേഷം ഡോ. ഷീജുവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം റെയില്‍വേ ട്രാക്കിലെത്തി സ്ഥലം പരിശോധിച്ചു.

ഒഡിഷ ഭാഷാസഹായി പോലീസ് സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്നു.തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍നിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടി.ടി.ഇ. വിനോദിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് കൊലപാതകം നടന്നത്.

എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടി.ടി.ഇയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതെന്ന് പോലീസ് വ്യക്തമാക്കി.തൃശൂരില്‍നിന്ന് കയറിയ പ്രതിയോട് ടി.ടി.ഇ. ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്തുകാവ് റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞാണ്.

ട്രെയിനിന്റെ 11-ാമത് കോച്ചിന്റെ പിന്നില്‍ വലതു ഡോറിന് സമീപത്ത് നില്‍ക്കുകയായിരുന്ന ടി.ടി.ഇയെ പ്രതി പിന്നില്‍നിന്ന് രണ്ടു കൈകള്‍ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഐ.പി.സി. 302 വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതിക്കെതിരേ കേസെടുത്തത്.ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കുമെന്ന് പറഞ്ഞതോടെയാണ് ടി.ടി.ഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത പോലീസിനോട് പറഞ്ഞത്. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടി.ടി.ഇ. വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നുമാണ് രജനീകാന്ത പറയുന്നത്.

തൃശൂരില്‍നിന്നുള്ള പോലീസ് ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സഥലത്ത് വന്നിരുന്നു. വിനോദിന്റെ ബാഗും ടാബും ടിക്കറ്റ് ബുക്കും സംഘം പരിശോധിച്ചു. ഉച്ചയ്ക്ക് ഒന്നോടുകൂടി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group