ദുബൈ: മഴക്കെടുതികളിൽ നിന്ന് ജനത്തെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളുമായ ദുബൈ.
താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. ദുബായ് എയർപോർട്ട് ഇന്ന് പൂർവ്വ സ്ഥിതിയിലാകും.
താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ ഇടമില്ലാതായവർക്ക് പകരം താമസസ്ഥലം,
വെള്ളക്കെട്ടിനാൽ ദുരിതത്തിലായവർക്ക് സൗജന്യ ഭക്ഷണം, വെള്ളക്കെട്ട് കാരണമുണ്ടാകുന്ന
അണു, പ്രാണി നിയന്ത്രണം, താമസക്കാർക്ക് അധിക സുരക്ഷ, വീട്ടകങ്ങൾ ഉൾപ്പടെ പൂർണമായും പൂർവ്വ സ്ഥിതിയിലാക്കി നൽകൽ, സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് ഇൻഷുറൻസ് ലഭിക്കാൻ സഹായിക്കൽ, കെട്ടിട്ടത്തിന് തുടർന്ന് ഭീഷണിയുണ്ടോ എന്ന് പരിശോധിക്കൽ... കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദുബായ് നൽകിയിരിക്കുന്ന നിർദേശമിതാണ്.
ഇന്നലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹ്ഹമ്മദിന്റെ നേതൃത്വത്തിന്റെ സമഗ്ര നടപടികൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഷാർജ ഉൾപ്പടെ മേഖലകളിൽ വെള്ളം ഇനിയും ഇറങ്ങാനുണ്ട്. ദുബായ് വിമാനത്താവളം ഇന്ന് പൂർവ്വ സ്ഥിതിയിലാകും. അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്. മഴ ദുരിതം വിതച്ചു യാത്രക്കാർ വലഞ്ഞ ദിവസങ്ങളിലായി നാല് ലക്ഷത്തിലധികം യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം ഉൾപ്പടെയുള്ള പോർട്ടുകൾ വഴി സൗകര്യങ്ങൾ നൽകി സുരക്ഷിതമായി കൈകാര്യം ചെയ്തത്.
അതേസമയം മുഴുവൻ സർവീസും സാധാരണ നിലയിൽ ആയതായി അറിയിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് തുറന്ന കത്ത് പുറത്തുവിട്ടു. കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെയാണെന്നും വന്നുപോയ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നുവെന്നും പ്രസിഡൻറ് ടിം ക്‌ളാർക് പറഞ്ഞു.
Post a Comment