കോഴിക്കോട്: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാള്‍ പിടിയില്‍. നജുമുദ്ദീന്‍ (30) എന്ന പിലാപ്പിയെ ഗൂഡല്ലൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് സൈനബ എന്ന വീട്ടമ്മയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു. പിന്നീട് മൃതദേഹം തമിഴ്‌നാട്ടിലെ നാടുകാണി ചുരം ഭാഗത്ത് ഉപേക്ഷിച്ച് ഗൂഡല്ലൂരിലേക്ക് കടന്നുകളഞ്ഞു. ഈ സ്വര്‍ണം വില്‍പന നടത്താന്‍ സഹായിച്ച കുറ്റത്തില്‍ നജുമുദ്ദീനെ അഞ്ചാം പ്രതിയാക്കിയിരുന്നു. കൊലപാതകം നടത്തിയ ഒന്നും രണ്ടും പ്രതികളെയും ഇവരെ സ്വര്‍ണ വില്‍പനക്ക് സഹായിച്ച മറ്റ് രണ്ട് പ്രതികളെയും ഗൂഡല്ലൂരില്‍ നിന്നും സേലത്തു നിന്നും നേരത്തേ പിടികൂടിയിട്ടുണ്ട്.
കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് മലങ്കരത്ത്, എസ്ഐ എന്‍പി രാഘവന്‍, എഎസ്ഐ പി കെ ഷിജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി സജേഷ്, പി എം രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒന്നാം പ്രതി താനൂർ കുന്നുംപുറം സ്വദേശി സമദ് (52), രണ്ടാം പ്രതി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാൻ (40) എന്നിവർക്കെതിരെ കൊലപാതകം, ആസൂത്രണം, തട്ടിക്കൊണ്ട് പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മൂന്നും നാലും പ്രതികളായ ഗൂഡല്ലൂർ തുണ്ടത്തിൽ സ്വദേശി ശരത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി നിയാസ് എന്നിവർക്കെതിരെ മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ച കുറ്റം ചുമത്തി.
128 സാക്ഷികളാണ് കേസിലുള്ളത്. 940 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 85 ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുഖ്യപ്രതി സമദ് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ മൃതദേഹം തള്ളിയെന്നാണ് കേസ് . സമദ് തന്നെയാണ് ഇക്കാര്യം കോഴിക്കോട് കസബ പൊലീസിൽ നേരിട്ടെത്തി മൊഴി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നവംബർ 7 നാണ് സൈനബയെ കൊലപ്പെടുത്തിയത്.
Post a Comment