Join News @ Iritty Whats App Group

സൂര്യാഘാതം മൂലമുണ്ടായ രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രത, ഏറെ ശ്രദ്ധിക്കേണ്ട ജില്ലകള്‍


തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. 

ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. 

സൂര്യന്‍റെ ഇപ്പോഴത്തെ സ്ഥാനവും വേനല്‍ മഴയുടെ അഭാവവുമാണ് കേരളത്തില്‍ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അടുത്തയാഴ്ചയോടെ ചൂടിന് നേരിയ ശമനമാകുമെന്നാണ് പ്രതീക്ഷ. 

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ജാഗ്രത പാലിക്കേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group