Join News @ Iritty Whats App Group

ബംഗളൂരുവിൽ നിന്ന് കാറ് വച്ച് പിടിച്ചത് വയനാട്ടിലേക്ക്, ചെറിയ സംശയം, പൊലീസ് തടഞ്ഞപ്പോൾ കഥമാറി, കയ്യോടെ പിടിയിൽ


കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പൊലീസ് പിടികൂടി. മുബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) നെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്. 

.06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍എസ്ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. 

സ്റ്റാമ്പുകള്‍ ബംഗളുരുവിലെ പാര്‍ട്ടിക്കിടെ ഒരാളില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്ഐമാരായ സി.എം. സാബു, രാധാകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞദിവസം അരിക്കോട് എക്സൈസ് നടത്തിയ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ മൂവർ സംഘം വൻ തോതിൽ മയക്കുമരുന്നുമായി പിടിയിലായിരുന്നു.. ഒരു കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് വാഹന പരിശോധന നടത്തിയ എക്സൈസ് വ്യക്തമാക്കിയിരുന്നു. കൊണ്ടോട്ടി സ്വദേശികളായ ജാബിർ, അഷ്‌റഫ്‌, പെരിന്തൽമണ്ണ സ്വദേശി മജീദ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.

ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഹാഷിഷ് ഓയിൽ മൊത്തകച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌. മയക്കുമരുന്ന് കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എക്സൈസിന്‍റെ നിഗമനം. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും വാഹന പരിശോധന ഊർജ്ജിതമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group