Join News @ Iritty Whats App Group

സര്‍ക്കാരിന് കേസ് നടത്താനും കടമെടുക്കേണ്ടി വരും ; അഭിഭാഷകരും ഫീസ് കുത്തനെ കൂട്ടി ; കപില്‍സിബലിന് ഒന്നരക്കോടി


കൊച്ചി : കേസ് നടത്താന്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ചെലവ് അതിരുകടക്കും. പ്രമുഖ ഭരണഘടനാ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ഫീസ് കുത്തനെ കൂട്ടി. സംസ്ഥാന സര്‍ക്കാരിനു കടമെടുപ്പിലും മറ്റും സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ വീണ്ടും കടമെടുക്കേണ്ടി വരും.

കപില്‍ സിബല്‍, ഹരീഷ് സാല്‍വേ, മനു അഭിഷേക് സിങ്‌വി, മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, മുകുള്‍ റോത്തഗി, ഗോപാല്‍ സുബ്രമണ്യം, കെ.ടി.എസ്. തുളസി തുടങ്ങിയവര്‍ ഫീസ് വര്‍ധിപ്പിച്ചു. ഇവരില്‍ പലരും വിവിധ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നവരാണ്. ഒരു തവണ ഹാജരാകാന്‍ ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം വരെയായിരുന്നു കെ.കെ. വേണുഗോപാലിന്റെ ഫീസ്. അതു 12 ലക്ഷം മുതല്‍ 15 ലക്ഷം വരെയായിട്ടുണ്ട്. മുകുള്‍ റോത്തഗി ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം വരെയായിരുന്നു വാങ്ങിയിരുന്നത്. അത് അഞ്ചുലക്ഷം മുതല്‍ 15 വരെയായി. 6-11 ലക്ഷം വരെയായിരുന്നു അഭിഷേക് സിങ്‌വിയുടെ ഫീസ്. ഇപ്പോള്‍ 8-15 വരെ വാങ്ങുന്നു. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകനായ ഹരീഷ് സാല്‍വേ 6-15 ലക്ഷത്തില്‍നിന്നു 20-25 ലക്ഷം വരെയായി ഫീസ് ഉയര്‍ത്തിയിട്ടുണ്ട്.

ഫീസ് നിരക്കില്‍ ഹരീഷ് സാല്‍വേയും കടത്തിവെട്ടുകയാണു കപില്‍ സിബല്‍. ഡല്‍ഹിയ്ക്കു പുറത്തുപോയി കേസ് വാദിക്കാന്‍ കപില്‍ സിബലിന്റെ പുതുക്കിയ ഫീസ് 1.25 മുതല്‍ 1.50 കോടി രൂപ വരെയാണ്! സുപ്രീംകോടതിയില്‍ ഒരു തവണ ഹാജരാകാനും ഒരു കൂടിക്കാഴ്ചയ്ക്കുമായി നിലവില്‍ 15.5 ലക്ഷമാണു വാങ്ങിയിരുന്നത്. അത് 25 ലക്ഷമാക്കി. മിസ്‌ലേനിയസ് ഹര്‍ജികളില്‍ 15.50 ലക്ഷവും നോണ്‍ മിസ്‌ലേനിയസ്/അന്തിമ തീര്‍പ്പാക്കല്‍ ഹര്‍ജികളില്‍ 20 ലക്ഷവുമാണു പുതിയ ഫീസ്.

ഡല്‍ഹി ഹൈക്കോടതിയിലും ഡല്‍ഹിയിലുള്ള മറ്റു കോടതികളിലും വെര്‍ച്വലായി ഹാജരാകാന്‍, മിസലേനിയസ് കേസുകള്‍ക്കു 25 ലക്ഷവും മറ്റു കേസുകളില്‍ 35 ലക്ഷവും ഇനി നല്‍കണം. മറ്റു ഹൈക്കോടതികളില്‍ വെര്‍ച്വല്‍ ഹിയറിംഗിനു 35 ലക്ഷം. ആദ്യ കൂടിക്കാഴ്ചയ്ക്കു 7.5 ലക്ഷവും പിന്നീട് ഓരോ കൂടിക്കാഴ്ചയ്ക്കു 5.5 ലക്ഷം വീതവും നല്‍കണം. ആര്‍ബിട്രേഷന്‍ കേസുകളില്‍ ഹാജരാകാന്‍ 15 ലക്ഷം. വാക്കാലുള്ള നിയമോപദേശത്തിനു 11 ലക്ഷം, എഴുതി നല്‍കാന്‍ 15.50 ലക്ഷം. ഹര്‍ജി തയാറാക്കാന്‍ 11 ലക്ഷം, അപേക്ഷകള്‍ക്കു 11 ലക്ഷം, എഴുതി സമര്‍പ്പിക്കാന്‍ 15 ലക്ഷം എന്നിങ്ങനെയാണു കപില്‍ സിബലിന്റെ പുതിയ നിരക്കുകള്‍. ഇതിനൊക്കെ പുറമേ, ക്ലര്‍ക്കുമാര്‍ക്കു കൊടുക്കാനെന്ന പേരില്‍ 50,000 രൂപ വേറെയും നല്‍കണം.

ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ സോളിസിറ്റര്‍ ജനറലുമൊക്കെയായിരുന്ന ഗോപാല്‍ സുബ്രമണ്യം 8-9 ലക്ഷം വാങ്ങിയിരുന്നത്, ഇപ്പോള്‍ 12 ലെത്തി. ആര്യാമ സുന്ദരം 6-8 ലക്ഷത്തില്‍നിന്നു 8-10 ലക്ഷമാക്കി. അനില്‍ അംമ്പാനി, ബി.സി.സി.ഐ. തുടങ്ങിയവരുടെ കേസുകള്‍ നടത്തുന്നു. 5-8 ലക്ഷത്തിനിടയില്‍ ഫീസ് വാങ്ങിയിരുന്ന കെ.ടി.എസ്. തുളസിയുടെ ഫീസും 10 ലക്ഷം കടന്നു.

Post a Comment

Previous Post Next Post
Join Our Whats App Group