Join News @ Iritty Whats App Group

ആറളം ഫാമിൽ വീണ്ടും ആനതുരത്തൽ ദൗത്യത്തിന് തുടക്കം;ചൊവ്വാഴ്ച പുനരധിവാസ മേഖലയിൽ നിന്നും കാടുകയറ്റിയത് പത്തെണ്ണത്തെ



ഇരിട്ടി: കാട്ടാനശല്യം രൂക്ഷമായി തുടരവേ ആറളം ഫാമിൽ നിന്നും കാട്ടാനകളെ കാടുകയറ്റൽ ദൗത്യം വീണ്ടും ആരംഭിച്ചു. കഴിഞ്ഞമാസം പലഘട്ടങ്ങളിലായി നിരവധി ആനകളെ കാടുകയറ്റാൻ കഴിഞ്ഞെങ്കിലും നിരവധി ആനകൾ ഫാമിന്റെ കൃഷിയിടങ്ങളിലും പുരധിവാസ മേഖലയിലുമായി ഇപ്പോഴും തുടരുകയാണ്. ഫാം സ്‌കൂൾ കുട്ടികളുടെ സുരക്ഷയും എസ് എസ് എൽ സി പരീക്ഷയും കണക്കിലെടുത്ത് താല്ക്കാലികമായി അന്ന് തുരത്തൽ നിർത്തിവെക്കുകയായിരുന്നു. 
ഫാമിന്റെ കാർഷിക മേഖലകളിൽ നിന്നും നിരവധി ആനകളെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും തുരത്തുകയും ഇവയെ ആളൊഴിഞ്ഞ പറമ്പുകളിൽ കയറ്റി നിരീക്ഷണത്തിൽ നിർത്തുകയും ചെയ്തിരുന്നു. ഇത്തരം ആനകളെയാണ് ചൊവ്വാഴ്ച കാടുകയറ്റാനുള്ള ശ്രമം നടത്തിയത്. ആദ്യദിവാസം തന്നെ കുട്ടിയാനകളടക്കം പത്തോളം ആനളെ വന്യജീവിസങ്കേതത്തിലേക്കു കയറ്റിവിടാൻ കഴിഞ്ഞെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. ഏകദേശം പതിനെട്ടോളം എണ്ണത്തെ ഇവിടെ കണ്ടെത്താനായിട്ടുണ്ടെന്നും ഇവയെക്കൂടി അടുത്ത ദിവസങ്ങളിൽ വനം കയറ്റുമെന്നുമാണ് ഇവർ പറഞ്ഞത്.   
ഫാമിന്റെ വനാതിർത്തി പങ്കിടുന്ന മേഖലയിൽ ആനമതിൽ നിർമ്മാണം പുരോഗമിക്കുകയാണ്. മതിൽ നിർമ്മാണം നടക്കുന്ന പ്രദേശത്തെ പഴയ മതിൽ പൊളിച്ചു നീക്കിയിരിക്കുന്നതിനാൽ തുരത്തി വിട്ട ആനകൾ ഇത്തരം ഭാഗങ്ങളിലൂടെ വീണ്ടും ഫാമിലേക്കു പ്രവേശിക്കുന്ന അവസ്ഥയുമുണ്ട്. ആനകൾ തിരികേ പ്രവേശിക്കാതിരിക്കാനുള്ള പരിശോധനയും നിരീക്ഷണവും മേഖലയിൽ ശക്തമാക്കിയിട്ടുമുണ്ട്.  
കൊട്ടിയൂർ റെയിഞ്ചർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ കീഴ്പ്പളളി, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിലെ വനപാലകൾ, വാച്ചർമാർ എന്നിവരും വനം വകുപ്പ് ആർ ആർ ടി ഉൾപ്പെടെയുള്ള സംഘമാണ് ആനകളെ തുരത്തൽ ദൗത്യത്തിൽ പങ്കെടുക്കുന്നത്. പുനരധിവാസ മേഖല ബ്ലോക്ക് പത്തിലെ കോട്ടപ്പാറ വഴിയാണ് തുരത്തിയത്. തുരത്തലിന് മുന്നോടിയായി പുരധിവാസ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.  

ആറളം ഫാമിന്റെ പുരോഗതിയെ മുഴുവൻ പിന്നോട്ടടിപ്പിക്കുന്ന അവസ്ഥയാണ് കാട്ടാന ശല്യം മൂലം ഉണ്ടായത്. കാട്ടാനകളും ,കാട്ടുപന്നികളും , കുരങ്ങുകളും ഫാമിനുണ്ടാക്കിയ നഷ്ടം കോടികളാണ്. പുതുതായി ഫാമിന്റെ അഡ്മിനിസ്ട്രേറ്ററായി ചാർജ്ജെടുത്ത നിധീഷ് കുമാറിന്റെ ധീരമായ തീരുമാനമായിരുന്നു വര്ഷങ്ങളായി ഫാമിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ തുരത്തി കാടുകയറ്റുക എന്നത്. നാൽപ്പതോളം ആനകളായിരുന്നു ഫാമിനെ തങ്ങളുടെ താവളമാക്കി നാശം വിതച്ചുകൊണ്ടിരുന്നത്. ഇവ നശിപ്പിച്ച തെങ്ങുകളുടെ മാത്രം കണക്കെടുത്താൽ അത് അയ്യായിരത്തിലേറെ വരും.
നിധീഷ്‌കുമാറിന്റെ ധീരമായ ഈ തീരുമാനമാണ് ഇപ്പോൾ ഫലം കണ്ടു തുടങ്ങുന്നത്.  
കാർഷിക ഫാമിനകത്ത് കിടക്കുന്ന ആനകളെയും മറ്റ് വന്യമൃഗങ്ങളേയും നിരന്തരമായി ശല്യപ്പെടുത്തുന്നതിലൂടെ അവയുടെ ഇപ്പോഴുള്ള ആവാസ കേന്ദ്രത്തിൽ നിന്നും പുറം തള്ളുക എന്ന ലക്ഷ്യത്തോടെയാണ് ആനതുരത്തിൽ ആരംഭിച്ചത്. വനം വകുപ്പിൽ നിന്നും പുരധിവാസ മേഖലയിൽ നിന്നും ശക്തമായ എതിർപ്പുകലുണ്ടായെങ്കിലും ഇതിനെയെല്ലാം അഡ്മിനിസ്ട്രേറ്റർ അതിജീവിച്ചാണ് തുരത്തൽ ആരംഭിച്ചത്. കാട്ടൂമൃഗങ്ങൾ കിടക്കേണ്ടത് കാട്ടിലാണെന്നും കൃഷിയിടത്തിലല്ലെന്നും അതിനെ വനങ്ങളിലേക്കു കടത്തി വിടണമെന്നും അദ്ദേഹം വനം വകുപ്പധികൃതരോട് നിർദ്ദേശിച്ചു. ഫാമിന്റെ കൃഷിയിടത്തിൽ നിന്നും ആനകളെ മുഴുവൻ തുരത്തി ഫാമിന്റെ വിവിധ ബ്ലോക്കുകളെ കൂട്ടിയിണക്കി വൈദ്യുതി വേലി സ്ഥാപിക്കുന്ന പ്രവ്യത്തി ഇപ്പോൾ പൂർത്തിയായി വരികയാണ്. ഇതിൽ ഏഴുകിലോമീറ്റർ വേലിയുടെ നിർമ്മാണം പൂർത്തിയായിക്കഴിയുകയും നാലുകിലോമീറ്റർ വേലിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ശേഷിക്കുന്ന ആനകളെയും കണ്ടെത്താനും ഇവയെ തുരത്തിവിട്ട് ഫാമിനെ കാട്ടാന മുക്തമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.  
ഈ വർഷാവസാനത്തോടെ ആനമതിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. മതിൽ പൂർ്ത്തിയാകുന്നതോടെ ഫാമിൽ നിന്നും മഴുവൻ ആനകളേയും തുരത്തി ഫാമിന് നഷ്ടപ്പെട്ടുപോയ പ്രതാപം മുഴുവൻ വീണ്ടെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group