കൊല്ലം: വോട്ടര്‍പട്ടികയില്‍ ലിംഗം രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീയെന്ന്. അങ്ങനെ ഇലക്ഷന് കമ്മീഷന് നിശ്ചയിച്ചാല്‍ പാവം വോട്ടര്‍ എന്തുചെയ്യും. എങ്കില്‍ സ്ത്രീവേഷം കെട്ടി വോട്ട് ചെയ്തേക്കാമെന്ന് വോട്ടറും തീരുമാനിച്ചു.
എഴുകോണ്‍ ഗവ. യുപിഎസിലെ 113 നമ്പര്‍ ബൂത്തിലാണ് പുരുഷവോട്ടറെ ‘സ്ത്രീ’ ആക്കിയതിനെതിരേ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദാണ് 76-ാം വയസില്‍ തന്നെ സ്ത്രീയാക്കിയ തെരഞ്ഞെടുപ്പു കമ്മീഷനോടുള്ള പ്രതിഷേധം സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് അറിയിച്ചത്.
വലിയ കണ്ണടയും ഷാളും കഴുത്തിലൊരു മാലയും കമ്മലും മാക്സിയും ധരിച്ചാണ് രാജേന്ദ്രപ്രസാദ് എത്തിയത്. തല ഹെല്‍മെറ്റ് കൊണ്ടു മറച്ചിരുന്നു. കൈയില്‍ ഭരണഘടനയും ബുക്കും കരുതിയിരുന്നു.
വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്ത്രീവേഷം കെട്ടിയ രാജേന്ദ്രപ്രസാദിനെ കണ്ടവര്‍ ഞെട്ടി. കാര്യങ്ങള്‍ നാട്ടുകാര്‍ ചോദിച്ചപ്പോഴാണ് രാജേന്ദ്രന് തന്റെ ദുര്‍ഗതിയെക്കുറിച്ച് പറഞ്ഞത്. എല്ലാവരും നോക്കി ചിരിച്ചു.
കാര്യമറിഞ്ഞപ്പോള്‍ രാജേന്ദ്രപ്രസാദിനെ അഭിനന്ദിക്കുകയും ചെയ്തു. ബൂത്തിലെത്തിയപ്പോള്‍ വ്യത്യസ്ത കാഴ്ച കണ്ട് വോട്ട് ചെയ്യാന്‍ എത്തിയവരും കാര്യമന്വേഷിച്ചു. എന്തായാലും വോട്ടറുടെ ഉദ്ദേശ്യശുദ്ധി എല്ലാവർക്കും കൗതുകമുണർത്തി. സ്ത്രീവേഷത്തില്‍ തന്നെ രാജേന്ദ്രപ്രസാദ് വോട്ട് ചെയ്ത് മടങ്ങുകയും ചെയ്തു.
Post a Comment