Join News @ Iritty Whats App Group

തൃശൂര്‍ പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി; പുലര്‍ച്ചെ സുരേഷ് ഗോപിയെത്തിയത് സേവാഭാരതി ആംബുലന്‍സില്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍


തൃശൂര്‍ പൂരം പൊലീസ് കലക്കിയത് ബിജെപിക്കുവേണ്ടിയെന്നു തൃശൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. സുരേഷ്‌ഗോപിയെ ജയിപ്പിക്കുക എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നു. പൂരം അലങ്കോലമായപ്പോള്‍ സുരേഷ്‌ഗോപിയാണു പ്രശ്‌നം പരിഹരിച്ചതെന്ന രീതിയില്‍ ബിജെപിയുടെ സൈബര്‍ സെല്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൂരം മുടങ്ങിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പുലര്‍ച്ചെ സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്നപ്പോള്‍തന്നെ എന്തോ കളികള്‍ നടന്നതായി മനസിലായിരുന്നു. മന്ത്രി രാജന്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല, രാജന്‍ അവിടെ ഉണ്ടാകേണ്ടതായിരുന്നുവെന്നും മുരളി പറഞ്ഞു.

അതേസമയം, തൃശ്ശൂര്‍ പൂരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിവാദത്തിലായ പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അദേഹം നിര്‍ദേശിച്ചു.

പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നത് സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group