ടെൽ അവീവ്: ജന്തുക്കളെപ്പോലെ സസ്യങ്ങൾ നിലവിളിക്കുമോ എന്നതായിരുന്നു ഏറെക്കാലം കുഴക്കിയ ചോദ്യം. ഇപ്പോൾ അതിനും ഉത്തരമായിരിക്കുന്നു, വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞർ രംഗത്തെത്തി. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ 'സെൽ' എന്ന ശാസ്ത്രമാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തക്കാളി, പുകയില ചെടികൾ എന്നിവയിലാണ് പരീക്ഷണം നടത്തിയത്.
സസ്യങ്ങൾ സമ്മർദ്ദത്തിലാകുന്ന സന്ദർഭങ്ങളിൽ നാടകീയമായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. അവയിലൊന്ന് ചില ശക്തമായ സുഗന്ധങ്ങളാണ്. അതോടൊപ്പം നിറവും രൂപവും മാറ്റാനും കഴിയും. ആരോഗ്യത്തോടെയുള്ള സസ്യങ്ങൾ, മുറിച്ച ചെടികൾ, നിർജ്ജലീകരണം സംഭവിച്ച സസ്യങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ശാസ്ത്രജ്ഞർ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചായിരുന്നു പരീക്ഷണം. ഇതിൽ പ്രശ്നങ്ങൾ നേരിടുന്ന ചെടിയുടെ ശബ്ദം ഒരു മീറ്ററിലധികം ചുറ്റളവിൽ കണ്ടെത്താനാകുമെന്നും സംഘം കണ്ടെത്തിയെന്നും പറയുന്നു. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ അധികം ശബ്ദമുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി. എന്നാൽ, സസ്യങ്ങൾ എങ്ങനെയാണ് ശബ്ദമുണ്ടാക്കുന്നുവെന്നത് ഇതുവരെ വ്യക്തമല്ല.
മനുഷ്യർ അടക്കമുള്ള ജന്തുക്കൾ ശബ്‌ദം ഉണ്ടാക്കുന്നതുപോലെയല്ല, മറിച്ച് മനുഷ്യൻ്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നതെന്നാണ് കണ്ടെത്തൽ. ചെടിക്ക് സമ്മർദമുണ്ടാകുമ്പോൾ ശബ്ദം വർധിക്കുമെന്നും പറയുന്നു.
ചുറ്റുമുള്ള ലോകത്തോട് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ സസ്യങ്ങൾ ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് ഇതായിരിക്കുമെന്നും പഠനം പറയുന്നു. നിശബ്ദമായ സാഹചര്യത്തിൽ പോലും യഥാർത്ഥത്തിൽ നമ്മൾ കേൾക്കാത്ത ശബ്ദങ്ങളുണ്ട്. ആ ശബ്ദങ്ങൾ ആശയവിനിമയങ്ങളായിരിക്കാം. ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന മൃഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ കേൾക്കാത്ത ധാരാളം ശബ്ദ സംവേദനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സർവ്വകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞൻ ലിലാച്ച് ഹദാനി പറഞ്ഞു.
2023ലാണ് പഠനം നടന്നത്. സസ്യങ്ങൾ എല്ലായ്‌പ്പോഴും പ്രാണികളുമായും മറ്റ് മൃഗങ്ങളുമായും ഇടപഴകുന്നു. ഈ ജീവികളിൽ പലതും ആശയവിനിമയത്തിനായി ശബ്ദം ഉപയോഗിക്കുന്നു. അതിനാൽ സസ്യങ്ങൾ ശബ്ദം ഉപയോഗിക്കാതിരിക്കുന്നത് അവർക്ക് ഉപയോഗപ്രദമായിരിക്കുമെന്നും പഠന സംഘം പറയുന്നു.
Post a Comment