Join News @ Iritty Whats App Group

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് ; എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി ; കെ ബാബുവിന് ആശ്വാസം


കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കെ. ബാബു. എംഎല്‍എയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഹൈക്കോടതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഹര്‍ജി തള്ളി. 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായി അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം തെളിയിക്കാന്‍ എം സ്വരാജിന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തനിക്കെതിരേ ഉണ്ടാക്കിയതെല്ലാം കൃത്രിമമായ തെളിവായിരുന്നു എന്ന് കെ. ബാബു പ്രതികരിച്ചത്. 2021 ഏപ്രില്‍ 5 നായിരുന്നു എല്‍ഡിഎഫ് ഇക്കാര്യത്തില്‍ കേസ് കൊടുത്തത്. ഇതോടെ എംഎല്‍എയായി കെ.ബാബുവിന് തുടരാനാകും. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എം സ്വരാജ് ഉന്നയിച്ച പ്രധാന വാദം. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ഉന്നയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കായിരുന്നു കെ.ബാബുവിന്റെ വിജയം. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു വിധി പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് തൃപ്പൂണിത്തുറയില്‍ പ്രചാരണം നടത്തിയെന്നും മറ്റുമായിരുന്നു ഹര്‍ജിയിലെ ആരോപണം. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് ഉള്‍പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കി.

എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു കെ ബാബുവിന്റെ വാദം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിക്കൊണ്ട കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. എല്‍ഡിഎഫ് കൃത്രിമമായി ഉണ്ടാക്കിയ തെളിവാണിതെന്നതടക്കം നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് നല്‍കിയ രണ്ടാം ഹര്‍ജിയും തള്ളിയതോടെ കെ ബാബുവിന് തിരിച്ചടി നേരിട്ടിരുന്നു.

ഇപ്പോള്‍ ഹൈക്കോടതി സ്വരാജിന്റെ ഹര്‍ജി തള്ളി കെ.ബാബുവിന് വിജയം സാധുവായി പ്രഖ്യാപിച്ചു. വിധിയില്‍ സന്തോഷമെന്നായിരുന്നു കെ.ബാബുവിന്റെ പ്രതികരണം. ജനകീയ കോടതിയെ മാനിക്കാത്തവര്‍ കോടതി വിധിയെയെങ്കിലും മാനിക്കണമെന്ന് ബാബു പറഞ്ഞു. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group