ചേര്‍ത്തല: വെറ്ററിനറി മെഡിസിന് കോഴ്സു പഠിക്കാന്‍ ഫിലിപ്പീന്‍സില്‍ പോയ മലയാളി വിദ്യാര്‍ഥി കുടുങ്ങി. 2019നു ശേഷം നാട്ടിലേക്കെത്താന്‍ പോലുമാകാതെ ഫിലിപ്പീന്‍സില്‍ കഴിയുന്ന വിദ്യാര്‍ഥി കടുത്ത ദുരിതത്തിലാണെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. വീസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നിയമനടപടികള്‍ക്കുള്ള സാധ്യതകളുമുണ്ട്.
ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ അലോഷ്യസ് വില്‍സന്റെ മകന് സാവിയോ അലോഷ്യസാണ് (31) ഫിലിപ്പീന്‍സിലെ സാന്‍കാര്‍ലോസില്‍ കുടുങ്ങിയിരിക്കുന്നത്. 2016ലാണ് സാന്‍കര്‍ലോസിലെ വിര്‍ജെന്‍ മിലാഗ്രാസു സര്വകലശാലയില് കോഴ്സിനു ചേര്‍ന്നത്. നാലുവര്‍ഷ കോഴ്സിനു 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്.
എന്നാല്‍ 2024ലും കോഴ്സ് പൂര്‍ത്തിയായിട്ടില്ല. ഇതിനൊപ്പം 37 ലക്ഷത്തിലധികം ചെലവഴിച്ചുകഴിഞ്ഞു. നിലവില്‍ 10 ലക്ഷം അടിയന്തരമായി നല്‍കണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്ന് അച്ഛന് അലോഷ്യസ് വില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ വീസ കാലാവധി കഴിഞ്ഞതിനാല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്നു പടിയിറക്കി. ഇപ്പോള്‍ പലയിടങ്ങിളിലായാണ് താമസം. വിദേശമന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡോളറിലാണ് വിനിയോഗമെന്നതിനാല് ഇവിടെ നിന്ന് അയയ്ക്കുന്ന തുകയുടെ 50 ശതമാനത്തോളം മാത്രമേ അവിടെ ഫലത്തില്‍ ലഭിക്കാറുള്ളു. അതെല്ലാം പ്രതിസന്ധിക്കു കാരണമായതായും വീട്ടുകാര്‍ പറഞ്ഞു. പഠനത്തിനൊപ്പം ജോലിയെന്ന സാധ്യതയിലാണ് കോഴ്സിനു ചേര്‍ന്നത്.
മെഡിസിന് മേഖലയില്‍ ഫിലിപ്പീന്‍സില്‍ താല്കാലിക ജോലി അനുവദനീയമല്ലെന്നതും തിരിച്ചടിയായി. നിയമ നടപടികളിലേക്കു കടന്നാല്‍ എട്ടു വര്‍ഷത്തെ പഠന സര്‍ട്ടിഫിക്കറ്റും ആറുമാസത്തെ പരിശീലന സര്ട്ടിഫിക്കറ്റുടക്കം നഷ്ടമാകുന്ന സാധ്യതയുണ്ട്. ഇനിയും 10 ലക്ഷം നല്കിയാല് പരിഹാരമുണ്ടാക്കാമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഇതേ ആവശ്യത്തിനായി അര്‍ത്തുങ്കലിലെ വീടുപോലും വിറ്റ് വാടകവീട്ടിലായിരിക്കുകയാണ് കുടുംബം. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യാഗവണ്മെന്റിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Post a Comment