Join News @ Iritty Whats App Group

'കൊല്ലാൻ നേരത്തെ ഉറപ്പിച്ചു, ആശുപത്രിയിൽ എത്തിയത് അറിഞ്ഞു'; എല്ലാത്തിനും കാരണം പ്രണയം നിരസിച്ച പകയെന്ന് ഷാഹുൽ


മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതുമൂലമുണ്ടായ പക കാരണമെന്ന് പ്രതി ഷാഹുൽ അലി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപെടുത്തി മൂവാറ്റുപുഴയിലെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ ഈ മൊഴി. ഷാഹുല്‍ അലിയെ കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍റു ചെയ്തു.
 
ഷാഹുല്‍ അലി പലതവണ സിംനയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് സിംനക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായി. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി ഷാഹുല്‍ അലി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ഞായറാഴ്ച്ച സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയെലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയതെങ്ങനെയെന്നും രക്ഷപ്പട്ട രീതിയുമൊക്കെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ഷാഹുൽ അലി വിവരിച്ചു

സിംനയെ കുത്താനുപയോഗിച്ച കത്തി വാങ്ങിയ കടയിലും വാഹനം പാര്‍ക്കുചെയ്ത സ്ഥലത്തുമെല്ലാം പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. സിംനയെ കുത്തികൊലപ്പെടുത്തുന്നതിനിടെ ഷാഹുലിന്‍റെ കൈകൾക്ക് പരിക്കേറ്റിരുന്നു. മുറിഞ്ഞ ഞരമ്പുകള്‍ തുന്നിചേര്‍ക്കുന്ന ശസ്ത്രക്രിയക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജില് നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ഉടന്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. തുടര്‍ന്ന് ഷാഹുൽ അലിയെ മുവാറ്റുപുഴയിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു. 

ഇക്കഴിഞ്ഞ മാർച്ച് 31ന് ആണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ച് സിംനയെ ഷാഹുൽ അലി കുത്തിക്കൊലപ്പെടുത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമായിരുന്നു. പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ് പ്രതികരിച്ചിരുന്നു. പ്രതി മുൻപ് മദ്യപിച്ച് വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പരാതിപ്പെട്ടതിലുളള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് ഹാരിസ് പറഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group