ചെന്നൈ: തമിഴ്നാട്ടിൽ വ്യവസായിയെ മകൻ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ നാൽപ്പതു വയസുകാരനായ മകൻ സന്തോഷ് അറസ്റ്റിലായി. ഫെബ്രുവരി 16ന് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
പേരാമ്പലർ ജില്ലയിൽ ശ്രീ അമൃത ഇൻഡസ്ട്രിസ് എന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന 63 വയസുകാരനായ കുളന്തയ് വേലുവിനെയാണ് 40കാരനായ മകൻ സന്തോഷ് മർദിച്ചത്. നേരത്തെ സ്വത്തു ചോദിച്ചു സന്തോഷ് പലവട്ടം അച്ഛനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഇല്ലാതായതോടെയായിരുന്നു ഈ കൊടും ക്രൂരത. ഭാര്യവീട്ടിൽ താമസിക്കുന്ന സന്തോഷ് സംഭവ ദിവസം രാവിലെ കുടുംബ വീട്ടിലേക്ക് കയറിച്ചെന്ന് അച്ഛനെ മർദിക്കുകയരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ വേലുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നന്നതിനിടയിലും കലിയടങ്ങാതെ അതിക്രമം തുടർന്നു. മകന്റെ ക്രൂരമായ ആക്രമണം അതിജീവിക്കാൻ വേലുവിനായില്ല. തീർത്തും അവശനായ വേലു കഴിഞ്ഞയാഴ്ച വീട്ടിൽ വച്ചു മരിച്ചു. പിന്നാലെയാണ് കുടുംബംഗങ്ങൾ പോലീസിന് പരാതി നൽകിയതും മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതും. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങയിൽ പ്രചരിച്ചതോടെ കാട്ടിക്കളത്തൂർ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ മെയ് അഞ്ചാം തീയ്യതി വരെ റിമാൻഡ് ചെയ്തു.
Post a Comment