കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ നിന്നും ഭയപ്പെട്ട് ഓടിയതുപോലെ വയനാട്ടിൽ നിന്നും രാഹുലിന് ഓടേണ്ടി വരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭ തിരഞ്ഞെടുക്കുന്നുവെന്നും സോണിയ ഗാന്ധിയെ ഉദ്ദേശിച്ച് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ ആയിരുന്നു മോദിയുടെ പരാമർശം.
‘ചിലർക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ ധൈര്യമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് ഇന്ത്യാ സഖ്യം. ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ തമ്മിലടിക്കുകയണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യാ മുന്നണി തകരും. ഞാൻ വോട്ടർമാരോട് പറയുന്നത് അവരുടെ ഇഷ്ടം പോലെ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നാണ്. ദരിദ്രരുടെയും ദളിതരുടെയും ദരിദ്രരുടെയും തൊഴിലാളികളുടെയും കർഷകരുടെയും വികസനത്തിനു മുന്നിൽ കോൺഗ്രസ് എന്നും മതിലായി നിലകൊള്ളുകയാണ്. ഇന്ത്യ സഖ്യത്തിന് എപ്പോഴെങ്കിലും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ? കോൺഗ്രസിന്റെ നിലപാടു മൂലം കർഷകർ ദുർബലരായി. ലക്ഷക്കണക്കിന് യുവാക്കൾക്ക് നാടുവിടേണ്ടി വന്നു ‘- മോദി ആരോപിച്ചു.
‘ഇന്നും എൻഡിഎ സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും ചെയ്താൽ കോൺഗ്രസ് അതിനെ പരിഹസിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 6 പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഞങ്ങൾ കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകൾക്ക് ശുചിമുറി നൽകാനുള്ള ഒരു പദ്ധതി ആരംഭിച്ചു. അക്കാലത്ത് കോൺഗ്രസിലെയും ഇന്ത്യാ സഖ്യത്തിലെയും നേതാക്കൾ കളിയാക്കുകയാണ് ചെയ്തത്- നരേന്ദ്ര മോദി പറഞ്ഞു.
ആർട്ടിക്കിൾ 370ൽ നിന്ന് കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ആർട്ടിക്കിൾ 370 ചരിത്രമായി. സമ്പദ്‌വ്യവസ്ഥയെ കുഴിയിൽ നിന്ന് കരകയറ്റുമെന്ന് ഉറപ്പു നൽകി. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഇന്ന് അയോധ്യയിൽ മഹാക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. മുത്തലാഖിൽ നിന്നും സഹോദരിമാർക്ക് മോചനം നൽകിയെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.
Post a Comment