Join News @ Iritty Whats App Group

എന്തിന് ടിടിഇയെ തള്ളിയിട്ട് കൊന്നു?; രജനീകാന്തന്റെ മറുപടി


പാലക്കാട്: ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്ന് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്ന് രജനീകാന്ത പൊലീസിനോട് പറഞ്ഞു. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. 

ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ മറ്റ് യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.

ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.

Post a Comment

Previous Post Next Post
Join Our Whats App Group