ബെംഗളൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന് മരണം. കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ബിജു-സവിത ദമ്പതികളുടെ മകൾ ശിവാനി (21)യാണ് മരിച്ചത്. മൈസുരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർഥിനിയായിരുന്നു ശിവാനി. ശിവാനിയെ കൂടാതെ മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
മൈസൂരു ജയലക്ഷ്മിപുരം ജെ സി റോഡിൽവെച്ച് ഉല്ലാസും ശിവാനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചു. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ.
അപകടത്തിൽ വി വി പുരം ട്രാഫിക് പൊലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച നടക്കും. സഹോദരങ്ങൾ: അശ്വതി, അർജുൻ.
Post a Comment