മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ മക്കളുടെ മുന്നില്‍വച്ച് യുവതി കുത്തേറ്റു മരിച്ചു. മുവാറ്റുപുഴ നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്റെ ഭാര്യ സിംന(37)യാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത്, വെസ്‌റ്റ് പുന്നമറ്റം തോപ്പില്‍ അലിയുടെ മകന്‍ ഷാഹുലി(33)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ജനറല്‍ ആശുപത്രിയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിനു മുന്നിലായിരുന്നു സംഭവം.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവ് ഹസനെ സന്ദര്‍ശിച്ചശേഷം മക്കളുമൊത്തു മടങ്ങുകയായിരുന്നു സിംന. ഈ സമയം, സിംനയെ തടഞ്ഞുനിര്‍ത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു സിംനയുടെ കഴുത്ത് മുറിക്കുകയും നിലത്തു വീണപ്പോള്‍ പിന്നില്‍ പലവട്ടം കുത്തുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവരും ജീവനക്കാരും അലമുറയിട്ടതോടെ പ്രതി ഇറങ്ങിയോടി. സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്കു പോകുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ ഇരു കൈകള്‍ക്കും മുറിവേറ്റിട്ടുണ്ട്. പോലീസ് ഇയാളെ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
സിംനയുടെ ഭര്‍ത്താവ് ഷക്കീര്‍ വിദേശത്തായിരിക്കെ അയല്‍വാസിയായിരുന്ന ഷാഹുലായിരുന്നു ആവശ്യമായ സഹായങ്ങള്‍ ചെയ്‌തിരുന്നത്. ഇതിനിടയില്‍ ഇയാള്‍ പലവട്ടം സിംനയുടെ വീട്ടില്‍ എത്തി ബഹളം ഉണ്ടാക്കിയിട്ടുള്ളതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇന്നലെ പലവട്ടം ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതാണു പ്രകോപനത്തിനു കാരണമെന്ന് അറിയുന്നു. സമീപത്തെ കടയില്‍നിന്നു കത്തി വാങ്ങിയാണ് ഇയാള്‍ ആശുപത്രിയിലേക്കു വന്നത്.
പ്രതിയുടെ വീടിനു സമീപത്തായിരുന്നു സിംന ആദ്യം താമസിച്ചിരുന്നത്. അടുത്തിടെയാണ് നിരപ്പ് ഭാഗത്തേക്കു താമസം മാറിയത്. പെരുമറ്റം ഡെന്റല്‍ കോളജിന് സമീപത്തുള്ള സ്വകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരിയാണ് സിംന. സാഹിര്‍ (17), സഹാന (16), സഫ്വാന (10) എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചയ്‌ക്കുശേഷം പെരുമറ്റം ജുമാ മസ്‌ജിദില്‍ നടക്കും.ഷാഹുല്‍ സ്‌ഥിരം ശല്യക്കാരനായിരുന്നെന്നു സിംനയുടെ സഹോദരന്‍ ഹാരിസ് പറഞ്ഞു. സിംന സ്വന്തം നാടായ പുന്നമറ്റത്തു താമസിച്ചിരുന്ന ഘട്ടത്തില്‍ ഷാഹുല്‍ പലപ്പോഴും വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വീടിനു നേരേ ആക്രമണം നടത്തുകയും ചെയ്‌തിട്ടുണ്ട്.
Post a Comment