Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; 8 മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം


കണ്ണൂർ: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ എട്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. നാലു കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കഴി‌ഞ്ഞ സെപ്തംബറിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം ചുരത്തിൽ നിന്നും കണ്ടെടുത്തത്. കർണാടക പൊലീസിനായിരുന്നു അന്വേഷണ ചുമതല.

കഴിഞ്ഞ സെപ്തംബറിലാണ് കേരള അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ മാറി ട്രോളി ബാഗിൽ മൃതദേഹം കണ്ടെത്തിയത്. നാലു കഷ്ണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു മൃതദേഹം. വിരാജ് പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. കണ്ണൂരിലെയും കാസർകോട്ടെയും കാണാതായ യുവതികളെ കുറിച്ചുളള അന്വേഷണം പോലീസിനെ കണ്ണവത്തും കണ്ണപുരത്തുമെത്തിച്ചു.

കണ്ണവത്തു നിന്നും കാണാതായ 31 കാരിയുടെ വീട്ടിലാണ് പോലീസ് ആദ്യമെത്തിയെങ്കിലും മൃതദേഹം യുവതിയുടേതല്ലെന്ന നിഗമനത്തിലെത്തി ബന്ധുക്കള്‍. ചുരം മേഖലയിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാതെ വന്നത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വിലങ്ങു തടിയായി. വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. പക്ഷേ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തെളിവുകളുടെ അഭാവം പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചെന്ന വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് പൊലീസിന് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല.

Post a Comment

Previous Post Next Post