Join News @ Iritty Whats App Group

ഇന്ത്യ ആര് ഭരിക്കണം, വിധി കുറിച്ച് കേരള ജനത, പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 7.45 ന് സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.


സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 65 ശതമാനം കടന്നു. കണ്ണൂരിലാണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂർ മണ്ഡലത്തിൽ 75.32 ശതമാനം പേരാണ് ജനവിധി കുറിച്ചത്. പത്തനംതിട്ടയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലായത്. പത്തനംതിട്ടയിൽ 63.32 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂരിന് പുറമേ 10 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗ് ഉയ‍ർന്നു. ആലപ്പുഴ-74.14, ചാലക്കുടി-71.50, തൃശൂര്‍-71.70, പാലക്കാട്-72.20, ആലത്തൂര്‍-72.12, മലപ്പുറം-71.10, കോഴിക്കോട്-72.67, വയനാട്-72.52, വടകര 72.71, കാസര്‍ഗോഡ്-73.84 മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം 70 കടന്നത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം (7.45 വരെയുള്ള ഔദ്യോഗിക കണക്ക്)

സംസ്ഥാനം- 70.03

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84

Post a Comment

Previous Post Next Post
Join Our Whats App Group