കോഴിക്കോട്: താമരശ്ശേരിയില്‍ ചികിത്സാനിഷേധം മൂലം ഗുരുതരാവസ്ഥയിലായെന്ന് പരാതിയുയര്‍ന്ന നവജാത ശിശുവിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് അഡീഷണൽ ഡിഎംഒ അന്വേഷിക്കും. കോഴിക്കോട് ഡിഎംഎ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കുട്ടിയുടെ മാതാവ് ബിന്ദു പ്രതികരിച്ചു. പുതുപ്പാടി സ്വദേശികളായ ഗിരീഷ് ബിന്ദു ദമ്പതികളുടെ നാലുമാസം പ്രായമുളള പെണ്‍കുഞ്ഞ് മരിച്ചതിലാണ് കോഴിക്കോട് ഡിഎംഒ അന്വേഷണം പ്രഖ്യാപിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി ഗുരുതരാവസ്ഥയില്‍ ആയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 17വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞ് മരിച്ചതിന്‍റെ ആഘാതത്തില്‍ നിന്ന് ബിന്ദുവും ഗിരീഷും ഇതുവരെയും മുക്തരായിട്ടില്ല. വൈകിയാണെങ്കിലും ആരോഗ്യവകുപ്പ് വിഷയത്തില്‍ ഇടപെട്ടതിന്‍റെ ആശ്വാസത്തിലാണ് ബിന്ദു.
പ്രസവ വേദനയെത്തുടർന്ന് ഡിസംബർ 13നായിരുന്നു ബിന്ദു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് ബിന്ദുവിനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കല്‍ കോളേജിലെത്തിയതിനു തൊട്ടുപിന്നാലെ ബിന്ദു പ്രസവിച്ചു.
എന്നാല്‍ കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിരുന്നു. കുഞ്ഞ് പുറത്തുവരാതിരിക്കാന്‍ അടി പാവാട ഉപയോഗിച്ച് താമരശേരി ആശുപത്രി ജീവനക്കാര്‍ വയര്‍ കെട്ടിയിരുന്നുവെന്ന ബിന്ദുവിന്‍റെ വെളിപ്പെടുത്തലോടെയാണ് ചികിത്സാ നിഷേധം ചര്‍ച്ചയായത്. പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പൊലീസും തയ്യാറായില്ല. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.
Post a Comment