Join News @ Iritty Whats App Group

പ്രക്കൂഴം ചടങ്ങ് നടന്നു കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ നാൾ കുറിച്ചു. മെയ് 16 നീരെഴുന്നള്ളത്ത് മെയ് 21 ന് നെയ്യാട്ടം


കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോടിൽ നടന്നു. ക്ഷേത്ര അടിയന്തിരക്കാരുടെ സാന്നിധ്യത്തിൽ കണക്കപ്പിള്ളയാണ്‌ വൈശാഖ മഹോത്സവ തീയതി കുറിച്ചത്. തണ്ണീർകുടി ചടങ്ങാണ് ആദ്യം നടന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർ കാവിന് അഭിമുഖമായി കിഴക്കോട്ട് നിന്ന് കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവുംവെച്ച് തണ്ണീർകുടി ചടങ്ങ് നടത്തി. ക്ഷേത്ര അടിയന്തിരക്കാരായ ഒറ്റപ്പിലാൻ, പെരുവണ്ണാൻ, ജന്മാശാരി, പുറംകലയൻ, കൊല്ലൻ, കാടൻ, കണിയാൻ എന്നിവരാണ് ചടങ്ങ് നടത്തിയത്.
തുടർന്ന് കാക്കയങ്ങാട് പാല നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നും എഴുന്നെള്ളിച്ച് എത്തിച്ച അവിൽ അളവ് നടത്തി. ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കേ നടയിലെത്തി വലിയ മാവിൻചുവട്ടിൽ കർമങ്ങൾ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു. തുടർന്ന് ഒറ്റപ്പിലാനും പുറംകലയനും ചേർന്ന് കിഴക്കേനടയ്ക്ക് സമീപം ബാവലിയിൽ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലിക്കെട്ടിനായി വെച്ചു. തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് വാവലിക്കെട്ട് നടത്തുന്നത്. 
ക്ഷേത്രം ഊരാളന്മാർ വാവലിയിൽ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിലെത്തിയശേഷം നെല്ലളവ് നടത്തി. മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിന്റെ അവകാശികളായ യാദവസമുദായക്കാരാണ് നെല്ല് സമർപ്പിച്ചത്. ഇക്കരെ ക്ഷേത്ര മുഖമണ്ഡപത്തിൽ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള്ള ആദ്യം അളന്നു. പിന്നീട് ആചാരപ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളിൽവെച്ച് ഊരാളമാരുടെ സാന്നിധ്യത്തിൽ വീണ്ടും അളന്നു.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന നാളുകളും ചടങ്ങുകളും   
മെയ് 16 വ്യാഴം നീരെഴുന്നള്ളത്ത്, 21 ചൊവ്വ നെയ്യാട്ടം, 22 ബുധന്‍ ഭണ്ഡാരം എഴുന്നള്ളത്ത്, 29 ബുധന്‍ തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30 വ്യാഴം ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 2 ഞായര്‍ രേവതി ആരാധന, 6 വ്യാഴം രോഹിണി ആരാധന, 8 ശനി തിരുവാതിര ചതുശ്ശതം, 9 ഞായര്‍ പുണര്‍തം ചതുശ്ശതം, 11 ചൊവ്വ ആയില്യം ചതുശതം, 13 വ്യാഴം മകം കലം വരവ്, 16 ഞായര്‍ അത്തം ചതുശ്ശതം, വാളാട്ടം കലശ പൂജ, ജൂണ്‍ 17 തിങ്കള്‍ തൃക്കലശാട്ട് . മെയ് 23 മുതല്‍ ജൂണ്‍ 13 ഉച്ചവരെയാണ് സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടാവുക.

Post a Comment

Previous Post Next Post
Join Our Whats App Group