Join News @ Iritty Whats App Group

നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി ഇന്ന് കാണും; അമ്മ മകളെ കാണുന്നത് നീണ്ട 12 വർഷങ്ങൾക്ക് ശേഷം


യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം. നീണ്ട പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണ് നിമിഷപ്രിയയെ അമ്മ അവസാനമായി കണ്ടത്.

ഇന്നലെ ഇന്ത്യന്‍ സമയം പതിനൊന്ന് മണിയോടെ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വഴിയാണ് മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതര്‍ക്ക് നല്‍കിയത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group