Join News @ Iritty Whats App Group

കൈയിലുള്ളത് ആറായിരം രൂപ, 12 ലക്ഷത്തിന്റെ വായ്പയും ; റസാലത്തിന്റെ ഭാര്യയുടെ സത്യവാങ്മൂലത്തില്‍ അമ്പരന്ന് വിശ്വാസികള്‍


തിരുവനന്തപുരം : സി.എസ്.ഐ. സഭയുടെ തിരുവനന്തപുരം മഹാഇടവകയുടെ അധ്യക്ഷനായിരുന്ന ബിഷപ് ധര്‍മരാജ് റസാലത്തിന്റെ ഭാര്യ ഷേര്‍ലിയുടെ രാഷ്ട്രീയ പ്രവേശനം വിശ്വാസികളെ അമ്പരപ്പിച്ചിരുന്നു. അതിനു പിന്നാലെ അവരുടെ നാമനിര്‍ദേശ പത്രികയിലുള്ള വിവരങ്ങളും വ്യാപക ചര്‍ച്ചയാകുകയാണ്. ഇ.ഡിയുടെ ചോദ്യംചെയ്യലിന് അടക്കം വിധേയനായിട്ടുണ്ട് റവ. ധര്‍മരാജ് റസാലം. ഒടുവില്‍ കോടതി വിധിയെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനത്യാഗം ചെയ്തത്.

ബിഷപ്പിന്റെയും ഭാര്യയുടേയും കൈയില്‍ ആകെ പണമായുള്ളത് ആറായിരം രൂപയെന്നാണു സത്യവാങ്മൂലത്തിലുള്ളത്. പത്ത് ലക്ഷം രൂപ മതിപ്പു വിലയുള്ള നാല് സെന്റില്‍ താഴെ ഭൂമിമാത്രമാണ് അവര്‍ക്കുള്ളത്. എന്തായാലും ഷേര്‍ളി റസാലം നല്‍കിയ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. അതിനാല്‍ അന്തിമ മത്സര ചിത്രത്തില്‍ അവരില്ല. എങ്കിലും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലം രേഖയാണ്. ഇതിലാണു ഷെര്‍ളിയുടേയും ഭര്‍ത്താവ് ബിഷപ് ധര്‍മരാജം റസാലത്തിന്റേയും ആസ്തി വിവരങ്ങളുള്ളത്.

ബിഷപ്പിനു കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു പ്രചാരണം. കടപത്രങ്ങളോ ബോണ്ടുകളോ നിക്ഷേപങ്ങളോ ഓഹരികളോ സ്വന്തമായി കമ്പനിയോ ട്രസ്‌റ്റോ ഒന്നും ഇരുവര്‍ക്കുമില്ല. സ്വന്തമായി കാറുമില്ല. ആകെയുള്ളത് 28 ഗ്രാം സ്വര്‍ണം. അതിനു സത്യവാങ്മൂലത്തില്‍ വിലയായി കാട്ടിയിട്ടുള്ളത് 2.8 ലക്ഷം രൂപയും. എന്നാല്‍ കമ്പോള വില പരിശോധിച്ചാല്‍ 28 ഗ്രാമിന് 1.88 ലക്ഷമേ വിലയുള്ളൂ. സ്വന്തമായോ പിന്‍തുടര്‍ച്ചയായോ കിട്ടിയ കൃഷി ഭൂമിയുമില്ല. കാര്‍ഷികേതര ഭൂമിയുള്ളത് കടകംപള്ളി വില്ലേജിലാണ്. ഒറ്റ സര്‍വേ നമ്പരില്‍ നാലു സെന്റില്‍ താഴെ ഭൂമി. വാങ്ങുമ്പോള്‍ അഞ്ചു ലക്ഷമായിരുന്നു കമ്പോള വില. 2021ലാണ് ഇവിടെ ഭൂമി വാങ്ങിയത്. ഇപ്പോഴതിന് 10 ലക്ഷം രൂപ മൂല്യമുണ്ട്.

ഏതായാലും ഇതിനും അപ്പുറത്തേക്കൊന്നും ബിഷപ്പിന്റേയും ഭാര്യയുടേയും കൈയില്‍ ഇല്ലെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, എസ്.ബി.ഐയുടെ നന്ദന്‍കോട് ശാഖയില്‍ 12 ലക്ഷത്തിന്റെ ഭവന വായ്പയുമുണ്ട്. അതായത് ആകെ ആസ്തിയോട് അടുപ്പിച്ച് ബാധ്യതയുള്ള കുടുംബം. കൈയിലുള്ള സ്വര്‍ണവും പണവും വസ്തുവും കൂട്ടിയാല്‍ 12 ലക്ഷത്തോളം വരും. അത്രയും തന്നെ കടമവും. അധ്യാപനത്തില്‍നിന്നുള്ള വരുമാനമാണ് ഉള്ളതെന്നും ജീവിത പങ്കാളിക്ക് മതപരമായ ഉത്തരവാദിത്വമാണുള്ളതെന്നും സത്യവാങ്മൂലത്തിലുണ്ട്.

എം.എയും ബി.എഡുമാണ് ഷേര്‍ളിയുടെ വിദ്യാഭ്യാസ യോഗ്യത. ഷെര്‍ളിയും ഭര്‍ത്താവും കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ആദായ നികുതി അടച്ചുവെന്നതാണു വസ്തുത. കഴിഞ്ഞ വര്‍ഷം 6,69,650 രൂപയാണ് ഷെര്‍ളിയുടെ വരുമാനം. മുന്‍ ബിഷപ്പിന് കഴിഞ്ഞ വര്‍ഷം വരുമാനമായി 15,60,952 രൂപയും കിട്ടി. എന്നാല്‍ കൈയിലുള്ളത് വെറും 7000 രൂപയും. ഇതാണ് ഷെര്‍ളിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ഇ.ഡി അന്വേഷിച്ചിറങ്ങിയ റസാലത്തിന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ വായിച്ച് അന്തം വിട്ടിരിക്കുകയാണ് സഭാ വിശ്വാസികള്‍. ഈ സത്യവാങ്ങ്മൂലത്തിലെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group