കാസര്‍ഗോഡ് : നിക്ഷേപ സമാഹരണ യജ്‌ഞത്തില്‍ നിക്ഷേപം അതിരുകടന്നതോടെ കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ ഇ.ഡിയുടെയും ഇന്‍കം ടാക്‌സ് വകുപ്പിന്റെയും നിരീക്ഷണത്തില്‍. 9000 കോടി സമാഹരിക്കാനാണു പരിധി നിശ്‌ചയിച്ചതെങ്കിലും നിക്ഷേപ യജ്‌ഞപരിപാടിയില്‍ എത്തിയത് 23263 കോടി രൂപ. ഇക്കാര്യം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചതോടെയാണ് നിക്ഷേപത്തിന്റെ സ്രോതസ് കണ്ടെത്താന്‍ വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണു നിക്ഷേപത്തില്‍ മുന്നിലെത്തിയത്. 9609.29 കോടി രൂപയാണ് ഈ മൂന്നു ജില്ലകളില്‍നിന്നു മാത്രം ഒഴുകിയെത്തിയത്. 850 കോടി ലക്ഷ്യമിട്ട കോഴിക്കോട് ജില്ലയില്‍ എത്തിയത് 4347.39 കോടിയാണ്. ക്രെഡിറ്റ് സൊസൈറ്റികള്‍, അഗ്രികള്‍ച്ചര്‍ അര്‍ബന്‍ ബാങ്ക്, മറ്റു ചെറുകിട സഹകരണ സംഘങ്ങള്‍ എന്നിവ ഭൂരിഭാഗം ആളുകളില്‍നിന്നും പാന്‍കാര്‍ഡോ മറ്റ് ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് കോടികള്‍ നിക്ഷേപമായി സ്വീകരിച്ചതെന്നാണു വിവരം.
പാന്‍കാര്‍ഡ് വേണ്ടെന്നും ടാക്‌സ് പിടിക്കാതെ പലിശ നല്‍കാമെന്നുള്ള വാഗ്‌ദാനത്തിലാണു പല സംഘങ്ങളും നിക്ഷേപം സ്വീകരിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിട്ടുള്ളതായാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. 23263 കോടിയില്‍ 3208.31 കോടി രൂപ കേരള ബാങ്ക് വഴി എത്തിയതാണ്. ഇതില്‍ കള്ളപ്പണവും രേഖകള്‍ ഒഴിവാക്കിയുള്ള പണം സ്വീകരിക്കലും ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
ദേശസാല്‍കൃത ബാങ്കുകളിലും മറ്റ് അംഗീകൃത ബാങ്കുകളിലും നിക്ഷേപത്തിനു പലിശ കുറവാണ്. മാത്രമല്ല, പലിശയിനത്തില്‍ കൂടുതല്‍ വരുമാനം വന്നാല്‍ ആനുപാതികമായി ടാക്‌സ് പിടിക്കുന്ന സമ്പ്രദായവുമുണ്ട്. അതിനാല്‍ അധികമാളുകളും ഇത്തരം സ്‌ഥാപനങ്ങളില്‍ നിക്ഷേപം നടത്താറില്ല. ഇവിടങ്ങളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമായത് പിന്നീടുള്ള ഇന്‍കം ടാക്‌സ് പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. പാന്‍കാര്‍ഡിന്റെ കോപ്പി നല്‍കിയിട്ടില്ലെങ്കില്‍ ഒരുദിവസം 50,000 രൂപയില്‍ താഴെയേ പിന്‍വലിക്കുവാനും കഴിയൂ. ഈ നൂലാമാലകളെ മറികടക്കാനാണ് കള്ളപ്പണമുള്ളവരുള്‍പ്പെടെ നിക്ഷേപ സമാഹരണ യജ്‌ഞത്തിലൂടെ പലിശ കൊയ്യാന്‍ രംഗത്തിറങ്ങുന്നത്.
ചില സഹകരണസംഘങ്ങള്‍ നിക്ഷേപകരുടെ വീട്ടിലെത്തി നിക്ഷേപം സ്വീകരിക്കുകയും തിരിച്ച് വീട്ടിലേക്കുതന്നെ മുതലും പലിശയും എത്തിക്കുകയും ചെയ്‌തതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംശയം തോന്നുന്ന സംഘങ്ങളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിക്കാനാണ് ഇരുവകുപ്പുകളുടെയും ആദ്യശ്രമം. ഈ വര്‍ഷം ജനുവരി 10 മുതല്‍ ഫെബ്രുവരി 15 വരെയാണു നിക്ഷേപ സമാഹരണയജ്‌ഞം നടന്നത്. സാധാരണ മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയാണു നിക്ഷേപ സമാഹരണ യജ്‌ഞം നടത്താറുള്ളത്. സഹകരണ നിക്ഷേപം നവകേരള നിര്‍മിതിക്കായി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷം സമാഹരണയജ്‌ഞം നടത്തിയത്.
ബന്ധപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകരും സഹകരണ സംഘം ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ സമ്പന്നരുടെ വീടുകള്‍ കയറിയിറങ്ങിയാണ് നിക്ഷേപം പരിധിക്കപ്പുറത്തേക്ക് എത്തിച്ചത്. സഹകരണ സംഘം എന്ന പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ചില കടലാസ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്.
Post a Comment