ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ആദായ നികുതി ട്രൈബ്യൂണല്‍. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ആദായ നികുതി ട്രൈബ്യൂണല്‍ തള്ളിയത്. ഹൈക്കോടതിയില്‍ പോകാനായി പത്തു ദിവസത്തേക്ക് കോണ്‍ഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രൈബ്യൂണല്‍ സ്റ്റേ ആവശ്യം തള്ളിയത്.
2018-2019 വര്‍ഷത്തേക്ക് 210 കോടി രൂപ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. അറിയിപ്പ് പോലും നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. ഈ നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി ട്രൈബ്യൂണലിനെ സമീപിച്ചത്. അക്കൗണ്ട് മരവിപ്പിച്ചാല്‍ ബില്ലുകള്‍ മാറാന്‍ സാധിക്കില്ലെന്നും ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി അറിയിച്ചു.
വാദം കേള്‍ക്കാനിരിക്കെ ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ പിന്‍വലിച്ചതായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചു. ' രാഷ്ട്രീയ പാര്‍ട്ടികള്‍ വരുമാന നികുതി അടയ്ക്കുന്നത് സാധാരണമാണോ? ബിജെപി വരുമാന നികുതി അടയ്ക്കുന്നുണ്ടോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് 210 കോടി രൂപ കോണ്‍ഗ്രസിനോട് നികുതി അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്?' അജയ് മാക്കര്‍ ചോദിച്ചു.
സ്വാര്‍ഥ ലാഭങ്ങളെ മുന്‍നിര്‍ത്തി ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാതലത്തിലാണ് കോണ്‍ഗ്രസിനെതിരെ ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്താണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം.
Post a Comment