Join News @ Iritty Whats App Group

സിഎഎ ചട്ടം സ്‌റ്റേ ചെയ്യണം: മുസ്ലീം ലീഗ് അടിയന്തര ഉപഹര്‍ജി ഫയല്‍ ചെയ്തു


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎ ചട്ടം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് ഉപഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഹര്‍ജി കോടതിയില്‍ നിലനില്‍ക്കേയാണ് കേന്ദ്രം ചട്ടം നടപ്പാക്കുന്നത. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ചട്ടം സ്‌റ്റേ ചെയ്യണമെന്നും ഉപഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്.

മുന്‍പ് ഈ വിഷയം സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ചട്ടം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ നിതമം പ്രാബല്യത്തില്‍ വരുന്നില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതെന്ന് ലീഗിന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ചട്ടം നിലവില്‍ വന്നു. അതോടെ നിയമം പ്രാബല്യത്തിലായി. ഒരു വിഭാഗം ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമദൃഷ്ട്യ ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന നിയമം അനുസരിച്ച് പൗരത്വം നല്‍കുമ്പോള്‍ ഭാവിയില ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ അവരുടെ പൗരത്വം തിരിച്ചെടുക്കേണ്ടിവരുന്നത് വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം അഭയാര്‍ത്ഥികള്‍ക്കായി ഒരു പോര്‍ട്ടല്‍ തുറക്കണമെന്ന ആവശ്യവും ലീഗ് ഉപഹര്‍ജിയില്‍ പറയുന്നു.

സിഎഎ വിഷയം ചര്‍ച്ച ചെയ്യാന്‍ പാണക്കാട് മുസ്ലീം ലീഗിന്റെ അടിയന്തര യോഗവും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത രാഷ്ട്രീയ സാഹചര്യം കൂടിയുള്ളതിനാല്‍ ഇന്ത്യ മുന്നണി അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യാനും ലീഗ് ആലോചനയുണ്ട്.

സിഎഎ ചട്ടം നടപ്പാക്കുന്നതിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ എല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post