മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കെ. കരുണാകരന്റെ ചിത്രം വച്ച് ബിജെപി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് വലിച്ച് കീറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരൻ നിൽക്കുന്ന ഫ്‌ളക്‌സ് ബോർഡാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്‌ളക്‌സിൽ കരുണാകരനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപി നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പോലീസിന് പരാതി നൽകിയിരുന്നു. ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നത് കോൺഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡ് നീക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ബിജെപിക്കാരോട് ബോർഡ് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ ഫ്‌ളക്‌സ് ബോർഡ് വലിച്ചുകീറി. പ്രവർത്തകർ പ്രകടനവുമായി എത്തിയാണ് ബോർഡ് നശിപ്പിച്ചത്.
Post a Comment