Join News @ Iritty Whats App Group

എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു


എറണാകുളത്ത് ആദ്യമായി അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് പനിയും വലത് കാല്‍മുട്ടില്‍ നീര്‍വീക്കവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് സ്ഥിരീകരിച്ചത്. ഈ രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെട്ട് ഡിസംബര്‍ 26ന് രോഗി ആശുപത്രി വിടുകയും ചെയ്തു.ബൊറേലിയ ബര്‍ഗ്‌ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് ലൈം രോഗം ഉണ്ടാകുന്നത്. ഇത് ചില പ്രാണികള്‍ വഴിയാണ് പകരുന്നത്. എറണാകുളം ജില്ലയില്‍ ആദ്യമായാണ് ലൈം രോഗം സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. ജില്‍സി ജോര്‍ജ് പറഞ്ഞു. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്ന രോഗമാണിതെന്നും ജില്‍സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രോഗം കൃത്യസമയത്ത് കണ്ടെത്തിയാല്‍ ഡോക്‌സിസൈക്‌ളിന്‍ ഗുളികകളടക്കമുള്ള ചെലവ് കുറഞ്ഞ ചികിത്സാ രീതിയിലൂടെ രോഗം മാറ്റിയെടുക്കാമെന്ന് ഡോ. ജില്‍സി ജോര്‍ജ് വ്യക്തമാക്കി.
ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് അവിടെനിന്നും കഴിഞ്ഞ ചൊവ്വാഴ്ച ലൈം രോഗം സ്ഥിരീകരിച്ചു. പത്ത് വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലൈം രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group