കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് സഹപാഠികള്‍ അടിച്ചുപൊട്ടിച്ചു. മടിക്കൈ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി കെ.പി. നിവേദ് ബാബു (17)വിനാണ് ക്രൂരമായ മര്‍ദനമേറ്റത്.
പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നിവേദിനെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണു മര്‍ദിച്ചത്. മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. അവസാന പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാനായി ബസ് കാത്തുനില്ക്കുകയായിരുന്നു നിവേദ്.
അപ്പോഴാണ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ നാലു വിദ്യാര്‍ഥികളെത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനായി നിവേദിനെ നിര്‍ബന്ധിച്ചത്. നിവേദ് താത്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളില്‍ തോളില്‍ കൈയിട്ട് പിടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തതോടെയാണു തന്നെ ആക്രമിച്ചതെന്നു നിവേദ് പറഞ്ഞു.
സംഘത്തിലെ ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി മുഖത്തിനിട്ട് ഇടിച്ചതിനെത്തുടര്‍ന്നാണ് താടിയെല്ല് തകര്‍ന്നത്. ഈ വിദ്യാര്‍ഥി പലതവണ അധ്യാപകരോട് മോശമായി പെരുമാറുകയും സഹപാഠികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും രണ്ടുതവണ സ്കൂളില്‍നിന്നും അച്ചടക്കനടപടി നേരിട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ എ.കെ. വിനോദ്കുമാര്‍ പറഞ്ഞു. പിടിഎ നിര്‍ദേശപ്രകാരം ഒരാഴ്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post a Comment