ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതോടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകവ്യക്തി നിയമത്തിന് അംഗീകാരമായി.ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിനാണ് ആംഗീകാരം. ഇതോടെ രാജ്യത്ത് ആദ്യമായി ഏകസിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി മാറി ഉത്തരാഖണ്ഡ്. പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ തന്നെ പുറത്തിറക്കും.
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം. 2 ദിവസത്തെ ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ നിയമം അംഗീകരിച്ചു. ഫെബ്രുവരി 28ന് ഗവർണർ ബില്ലിൽ ഒപ്പുവച്ചു. തുടർന്നാണ് രാഷ്ട്രപതിക്ക് അയച്ചത്.
വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്നതാണ്ഏക വ്യക്തി നിയമം (യുസിസി). ബഹുഭാര്യത്വം നിരോധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമത്തിൽ പുരുഷന്മാർക്ക്21 വയസ്സും സ്ത്രീകൾക്കു 18 വയസ്സുമാണു കുറഞ്ഞ വിവാഹപ്രായം. വിവാഹമോചനത്തിൽ തുല്യഅവകാശം വ്യവസ്ഥ ചെയ്യുന്നു.
സ്ത്രീയുടെ പുനർവിവാഹത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതും വിലക്കുന്നു. ഇതു ലംഘിച്ചാൽ 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇതു രണ്ടുമോ ലഭിക്കാം. ദമ്പതികളിലൊരാൾ പങ്കാളിയുടെ അനുവാദമില്ലാതെ മതം മാറിയാൽ വിവാഹമോചനം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കാം.
അതേസമയം വ്യക്തിനിയമങ്ങൾ പട്ടികവർഗവിഭാഗത്തിനു ബാധകമല്ല.പുരുഷന്റെ മരണശേഷം ഭാര്യയ്ക്കും മക്കൾക്കും സ്വത്തിൽ തുല്യഅവകാശം നിർദേശിക്കുന്നു. പുരുഷന്റെ മാതാപിതാക്കൾക്കും തുല്യ അവകാശമാണ്. കൂടാതെ ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.
Post a Comment