തിരുവനന്തപുരം: അറിഞ്ഞും അറിയാതെയും ചെന്നുകയറുന്ന ഹണി ട്രാപ്പുകൾ വ്യാപകമാവുന്നതോടെ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന പൊലീസ്. അറിയാത്ത വ്യക്തികളില്‍ നിന്നും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ലഭിക്കുന്ന ഫോൺ കോളുകള്‍ പലപ്പോഴും കെണിയായി മാറുമെന്നും ഇത്തരം കോളുകള്‍ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് ജാഗ്രത വേണമെന്നുമാണ് പ്രധാന നിർദേശം. ഇനി തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യ മണിക്കൂറിൽ തന്നെ വിവരമറിയിച്ചാൽ പരമാവധി നഷ്ടം കുറയ്ക്കാമെന്നും പൊലീസ് പറയുന്നു.
അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ നമ്മുടെ ഫോണിൽ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ കുടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കെണിയാകാം. അതുകൊണ്ടുതന്നെ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കണം. കോൾ എടുത്തയുടൻ ചിലപ്പോൾ വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും അതേ സ്ക്രീനിൽ നിങ്ങളുടെ ചിത്രം കൂടിയുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. വിളിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം തട്ടിപ്പുകാർ നിങ്ങളുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പണം ചോദിക്കുന്നതിനൊപ്പം സമ്മർദത്തിനായി നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഇത് അയച്ചുകൊടുക്കാനും സാധ്യതയുണ്ട്.
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി. ഇനി തട്ടിപ്പിൽ പെട്ടുപോയാൽ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ഒരു മണിക്കൂറിനകം (ഗോൾഡൻ അവർ) 1930 എന്ന നമ്പറിൽ വിവരം അറിയിക്കണം. എത്രയും വേഗം വിവരമറിയിക്കുന്നത് പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
Post a Comment