Join News @ Iritty Whats App Group

'ഇഡി കൂലിപ്പണിക്കാര്‍, അവരെ വെച്ച് ബിജെപി ഗുണ്ടാ പിരിവ് നടത്തുന്നു', രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ


തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനുമുള്ള ആയുധമാക്കുകയാണ് ബിജെപിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ ഇടത് സര്‍ക്കാരിനെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്നാണ് ഇത്രയായിട്ടും കോൺഗ്രസ് ചോദിക്കുന്നത്. ഇഡി കൂലിപ്പണിക്കാരാണെന്നും അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യം വെക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഒന്നിനും കീഴടങ്ങുന്ന ജനങ്ങളും രാഷ്ട്രീയവും അല്ല കേരളത്തിലുള്ളത്. വിഡി സതീശനെ സമാധാനിപ്പിക്കാൻ കൂടിയാകും ഇപ്പോഴത്തെ ഇഡി കേസ്. കട്ടുമുടിക്കാനും പണം ഉണ്ടാക്കാനുമാണ് കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നത്. ഇഡി വച്ച് ബിജെപി ഗുണ്ടാ പിരിവ് നടത്തുകയാണ്. ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം എല്ലാവരേയും അപഹസിക്കൽ മാത്രമാണ് ലക്ഷ്യം.

കെജ്രിവാളിന്‍റെ അറസ്റ്റിൽ ലോക രാഷ്ട്രങ്ങൾ തന്നെ അതിശക്തിയായ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. മനീഷ് സിസോദിയയേ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോൺഗ്രസ്. ബിജെപി അഴിമതിവിരുദ്ധ സർക്കാരെന്ന പ്രതിച്ഛായ തകർന്നു. ഇലക്ട്രറൽ ബോണ്ട് ജനാധിപത്യത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടുകളെ തകർത്തു. ഇലക്ട്രറൽ ബോണ്ട് ഇന്ത്യയിലെ സുപ്രധാന അഴിമതിയാണ്. കേരളത്തിലെ മാധ്യമങ്ങൾ വേണ്ട രീതിയിൽ അത് ചർച്ച ചെയ്തില്ല. ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. പുറത്ത് വരില്ലെന്ന ധാരണയിലാണ് പണ പിരിവ് നടത്തിയത്. 8251 കോടി രൂപയാണ് ബിജെപി വാങ്ങിയത്. 1952 കോടി രൂപ കോൺഗ്രസും വാങ്ങി. ഇലക്ട്രറല്‍ ബോണ്ടിനെതിരെ കേസ് കൊടുത്ത പാർട്ടിയാണ് സിപിഎം. ബോണ്ട് വാങ്ങാത്ത പാർട്ടിയും സിപിഎമ്മാണ്.

വിഡി സതീശൻ ആവർത്തിച്ച് പറഞ്ഞാലുണ്ടാകുന്നതല്ല അന്തർധാര. വിഡി സതീശന് ഉൾക്കിടിലം ഉണ്ടാക്കുന്ന വിഷയമാണ് സിഎഎ. നടപ്പിലാക്കില്ലെന്ന് സർക്കാരും സിപിഎമ്മും പറയുമ്പോൾ നടപ്പാക്കേണ്ടിവരും എന്നാണ് വിഡി സതീശൻ പറയുന്നത്. പത്തനംതിട്ടയിൽ ഒരു പ്രശ്നവും ഇല്ല. ആദ്യം ജയിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് പത്തനംതിട്ടയായിരിക്കും.സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തില്‍ കാലതാമസം ഉണ്ടാകരുതായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. കുടുംബത്തോടൊപ്പമാണ് സർക്കാർ.സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവിയിൽ ആശങ്കയില്ല. എകെബാലൻ ഒരു ചെറിയ യോഗത്തിൽ പറഞ്ഞ്. അത് പർവതീകരിച്ച് കാണിക്കണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group