ലഖ്‌നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. ബിജ്നോറിൽ സഹോദരിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെടിവെച്ച് കൊന്നു. ബിജ്നോർ സ്വദേശി ബ്രജേഷ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ലവ്സിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലവ്സിതിന്റെ സഹോദരിയെ ബ്രജേഷ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
ഗർഭിണിയായിരുന്ന ഭാര്യ ദിവ്യയെ കാണാൻ തന്റെ ഗ്രാമത്തിലെത്തിയതായിരുന്നു ബ്രജേഷ്. ഗ്രാമത്തിൽ ബ്രജേഷുണ്ടെന്നറിഞ്ഞ ലവ്സിത് സുഹൃത്തുക്കളെയും കൂട്ടി എത്തുകയായിരുന്നു. ഗ്രാമത്തിലെ ചന്തയിലെത്തിയ ബ്രജേഷിനെ പിൻതുടർന്നാണ് ലവ്സിത്തും സുഹൃത്തുക്കളും വെടിവെച്ച് കൊലപ്പെടുത്തുന്നത്. തദ്ദേശിയമായി നിർമ്മിച്ച തോക്കുപയോഗിച്ചാണ് കൊലപാതകം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി ലവ്സിതിനെ അറസ്റ്റ് ചെയ്തു. കൂട്ടാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു.
ഒരു വർഷം മുമ്പായിരുന്നു ദളിത് യുവാവായ ബ്രജേഷ്, സെയ്നി വിഭാഗക്കരനായ ലവ്സിതിന്റെ സഹോദരി ദിവ്യയെ വിവാഹം കഴിക്കുന്നത്. വിവാഹം ദിവ്യയുടെ കുടുംബം എതിർത്തിരുന്നു. ഈ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചത്. ലവ്സിത്തിനും കൂട്ടാളികൾക്കുമെതിരെ കൊലകുറ്റത്തിനും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് എതിരായ അതിക്രമം തടയൽ എന്നി നിയമങ്ങൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Post a Comment