ഭോപ്പാല്‍: ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്തു നല്‍കാത്തതിന് 70 വയസ്സ് പിന്നിട്ട മുത്തശ്ശിയെ മര്‍ദ്ദിച്ച കൊച്ചുമകനും ഭാര്യയും അറസ്റ്റില്‍. ഇവര്‍ വയോധികയെ വടികൊണ്ട് അടിക്കുന്ന വീഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെടുകയും ഒളുവില്‍ പോകാന്‍ ശ്രമിച്ച ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഭോപ്പാലിലെ ജഹാംഗീരബാദ് സ്വദേശികളാണ് യുവാവും ഭാര്യയും. ഭര്‍ത്താവ് മരിച്ച വയോധിക ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടുജോലിയെ ചൊല്ലി ഇവര്‍ വയോധികയെ പതിവായി മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം അയല്‍വാസികളാണ് ഈ ദൃശ്യം രഹസ്യമായി പകര്‍ത്തി പുറത്തുവിട്ടത്.
യുവാവിന്റെ പിതാവിന്റെ അമ്മയാണ് ഈ വയോധിക. കഴിഞ്ഞ ദിവസം മുത്തശ്ശിയുമായി ദമ്പതികള്‍ വഴക്കിട്ടു. നിലത്ത് ഇരുന്ന വയോധികയെ ഇവര്‍ അടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. വേദന കൊണ്ട് ഇവര്‍ നിലവിളിച്ചപ്പോള്‍ കൊച്ചുമകന്‍ അവരെ തറയില്‍ പിടിച്ചിരുത്തി വായ പൊത്തുകയായിരുന്നു.
ഈ സമയം അയാളുടെ ഭാര്യ വയോധികയെ വടികൊണ്ട് തുടര്‍ച്ചയായി അടിച്ചു. ഏറെ നേരം കഴിഞ്ഞാണ് ഇവര്‍ മുത്തശ്ശിയെ പോകാന്‍ അനുവദിച്ചത്. ഈ സമയം കൊച്ചുമകന്‍ കൈമുട്ടുകൊണ്ട് അവരുടെ പുറത്ത് ഇടിക്കുകയും ഭാര്യ വടികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ജഹാംഗീരബാദ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ സമയം നഗരം വിട്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും.
Post a Comment