Join News @ Iritty Whats App Group

ഹരിത ടൂറിസം ഭൂപടത്തില്‍ ഇടംനേടാൻ ഇരിട്ടി ഇക്കോ പാര്‍ക്കും




രിട്ടി: പായം പഞ്ചായത്തിനു കീഴിലുള്ള പെരുമ്ബറമ്ബിലെ ഇരിട്ടി ഇക്കോ പാർക്കിനെ ഹരിത ടൂറിസം ഭൂപടത്തിലേക്കെത്തിക്കാൻ നടപടികള്‍ ആരംഭിച്ചു.
അംഗീകാരം നേടുന്നതിനുള്ള സ്ഥാപനതല അവതരണം നടത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളും വഴികളും ഹരിത പെരുമാറ്റ ചട്ടത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സ്ഥാപനതല അവതരണം നടത്തിയത്.

സംസ്ഥാനത്ത് നിലവില്‍ 74 ടൂറിസം കേന്ദ്ര ങ്ങളാണ് ഇത്തരത്തില്‍ വികസിപ്പിച്ചിട്ടുള്ളത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവയും ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇക്കോ പാർക്കിനെയും പരിഗണിക്കുന്നത്. പഴശി ജലാശയത്തോടു ചേർന്ന് പത്തേക്കറോളം സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. കാല്‍നൂറ്റാണ്ട് മുൻപ് സാമൂഹികവനവത്കരണ വിഭാഗത്തിനു കീഴില്‍ ഇതേ സ്‌ഥലത്തു മഹാത്മാഗാന്ധി പാർക്ക് എന്ന പേരില്‍ തുടങ്ങിയ കേന്ദ്രം പരിചരണം ഇല്ലാതെ കാടുപിടിച്ചു നശിച്ചിരുന്നു.

പ്രദേശവാസികളുടെയും പഞ്ചായത്തിന്‍റെയും ശ്രമഫലമായി ആദ്യഘട്ട നവീകരണം നടത്തി കഴിഞ്ഞ 2022 ഏപ്രില്‍ 23ന് സന്ദർശകർക്കായി വീണ്ടും തുറന്നു കൊടുത്തതോടെ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. 90 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളും നടക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി ഉദ്ഘാടനം ചെയ്തു‌.

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ‌് പേഴ്സൻ ജയപ്രകാശ് പന്തക്ക അവതരണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. പദ്മാവതി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം റേഞ്ചർ പി. സുരേഷ്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ മജീബ് കുഞ്ഞിക്കണ്ടി, ഇക്കോ പാർക്ക് ഗ്രാമ ഹരിത സമിതി പ്രസിഡന്‍റ് സി. സുശീലൻ, പഞ്ചായത്ത് അംഗങ്ങളായ പി.പി. കുഞ്ഞുഞ്ഞ്, പി.വി. രമാവതി, പി. സാജിദ്, അസിസ്റ്റന്‍റ് സെക്രട്ടറി കെ.ജി. സന്തോഷ്, കുടുബശ്രീ സിഡിഎസ് അധ്യക്ഷ സ്‌മിത രജിത്ത്, എ.ആർ.സുജ, വി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group