വെഞ്ഞാറമൂട്: മക്കള്‍ തമ്മിലുള്ള വഴക്കിനിടെ വീണു പരുക്കേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാ ഭവനില്‍ സുധാകരനാ (57) ണ് മരിച്ചത്. സംഭവത്തില്‍ സുധാകരന്റെ രണ്ടു മക്കള്‍ പോലീസ് കസ്‌റ്റഡിയില്‍.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആഹാരം കഴിക്കുന്നതിനിടെ മക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
വഴക്ക് രൂക്ഷമായപ്പോള്‍ മക്കളായ കൃഷ്‌ണ, ഹരി എന്നിവരോടു പുറത്തു പോകാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഇവരെ സുധാകരന്‍ പിന്തുടര്‍ന്നു. സമീപത്തെ തോട്ടു കലുങ്കിനു സമീപം മക്കളുമായി വീണ്ടും വാക്കേറ്റമായി.
തര്‍ക്കത്തിനിടെ സുധാകരന്‍ കുഴഞ്ഞ് ഓടയുടെ സ്ലാബില്‍ തലയിടിച്ചു വീണു. ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് സുധാകരനെ ആശുപത്രിയില്‍ എത്തിച്ചു. വീഴ്‌ചയില്‍ ഗുരുതരമായി പരുക്കേറ്റ സുധാകന്‍ പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. സംഭവത്തില്‍ മക്കളായ ഹരി, കൃഷ്‌ണ എന്നിവരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇളയ മകന്‍ ശബരിയെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. കൈയാങ്കളിക്കിടെ സുധാകരന് മര്‍ദനമേറ്റിരുന്നോ എന്നതും അന്വേഷിക്കുമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.
Post a Comment