കണ്ണൂർ : മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിൽ ദേശീയഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ വാഹനങ്ങളും കയറി. ട്രയൽ റൺ നടക്കുകയാണെന്ന വ്യാജപ്രചാരണത്തെ തുടർന്ന് കൂടുതൽ വാഹനങ്ങൾ പ്രവേശിച്ചതോടെ ബൈപ്പാസിന്റെ തുറന്ന ഭാഗം അടച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ദേശീയ ഹൈവേ അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ. മീണയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഉദ്യോഗസ്ഥസംഘം മുഴപ്പിലങ്ങാട് ഭാഗത്തുനിന്നാണ് ബൈപ്പാസിലേക്ക് പ്രവേശിച്ചത്. ബൈപ്പാസിലേക്കുള്ള തടസ്സങ്ങൾ ഇതിനായി നീക്കിയതിനാൽ സ്വകാര്യവാഹനങ്ങളും ഉള്ളിലേക്ക് കടന്നു.
പരിശോധനയ്ക്കായി ചില സർവീസ് റോഡിലെ തടസ്സങ്ങളും നീക്കി. ഇതുവഴിയും വാഹനങ്ങൾ ഉള്ളിലേക്ക് കടന്നു. വൈകീട്ട്് 5.30-ഓടെ കൂടുതൽ വാഹനങ്ങൾ ബൈപ്പാസിലേക്ക് കടക്കാൻ തുടങ്ങി.
ബൈപ്പാസിലേക്ക് കയറിയ വാഹനങ്ങൾ തിരിച്ചിറങ്ങുന്നതിനായി ഉദ്യോഗസ്ഥർ കാത്തുനിന്നു. എന്നാൽ, എല്ലാ വാഹനങ്ങളും മടങ്ങിവന്നില്ല. അതോടെ മുഴപ്പിലങ്ങാട്ട് നിന്ന് കടക്കുന്ന ഭാഗം 6.30-നും തലശ്ശേരിയിൽനിന്ന് വരുന്ന ഭാഗം ഏഴുമണിയോടെയും അടച്ചു.
Post a Comment