കോഴിക്കോട്: പൂഞ്ഞാര്‍ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇകെ സുന്നി വിഭാഗത്തിന് പിന്നാലെ എപി സുന്നി വിഭാഗവും.എപി വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയാണെന്നുമാണ് മുഖപ്രസംഗത്തിലുള്ളത്.കുറ്റകൃത്യങ്ങള്‍ക്ക് മതഛായ നല്‍കുന്നത് നാടിനെ അരക്ഷിതമാക്കും. കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിക്കൂടാ.സംഘപരിവാറിനെ മൂലക്കിരുത്താൻ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി. ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണം.
വിഷയത്തിൽ പൊലീസ് പക്ഷപാത നിലപാട് ആണ് സ്വീകരിച്ചത്. അത് ശരി വെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിൽ കെഎന്‍എം വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂര്‍ വിഷയം പരാമര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളിമുറ്റത്ത് വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിലായിരുന്നു പ്രതികരണം. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിൽ നടന്ന് തെമ്മാടിത്തം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെ തെമ്മാടിത്തമെന്നും മുസ്ലീം വിഭാഗമാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നുമായിരുന്നു പിണറായി വിജയന്‍റെ ആരോപണം. ഇതിനെതിരെ മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സിറാജ് ദിനപത്രത്തിലെ മുഖപ്രസംഗത്തിലും രൂക്ഷ വിമര്‍ശനം നടത്തുന്നത്.
മുഖ്യമന്ത്രിയുടെ വിവാദമായ മറുപടി
'എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ പോലെയുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും എടുക്കാം'- മുഖ്യമന്ത്രി പറഞ്ഞു.
Post a Comment