വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗിന്റെ കൈകള്‍ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂര്‍ സ്വദേശി ഷിഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാരംഗിന്റെ മാതാപിതാക്കള്‍.
വരുമ്പോള്‍ ആ കൈകളിലേക്ക് കൊടുക്കാന്‍ മകന് പ്രിയപ്പെട്ട ഫുട്ബോള്‍ കൂടെ കരുതാനും അവര്‍ മറന്നില്ല. ചടങ്ങ് നടക്കുന്ന ഹാളിലേക്ക് ഷിഫിന് വന്നതോടെ ആ കുടുംബത്തിന്റെ ശ്രദ്ധ മുഴുവന്‍ ആ കൈകളിലേക്കായിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് വിട വാങ്ങിയ ആ മകന്റെ കൈകളില്‍ വീണ്ടും തൊടാനും തലോടാനും കഴിഞ്ഞതിന്റെ സന്തോഷം പിടിച്ചടക്കാന്‍ കഴിയാത്ത വിതുമ്പലായി മാറി ആ അച്ഛന്. തുടര്‍ന്ന് ഷെഫിന് പിറന്നാള്‍ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കള്‍ക്ക് നല്കി.
തനിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച സാരംഗിന്റെ ഫോട്ടോ താന്‍ കൈയില്‍ പിടിച്ചു നില്ക്കുന്ന ചിത്രവും ഷെഫിന് അവര്‍ക്ക് സമ്മാനിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി. ബീന, പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം ചെയര്മാന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഷിഫിന്റെ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍, സാരംഗിന്റെ അമ്മ രജനി, സഹോദരന് യശ്വന്ത്, ഷിഫിന്റെ അച്ഛന് ചിന്നപ്പന്, അമ്മ ഷീല, അപ്പോളോ ടയേഴ്സ് പ്രതിനിധികളായ ജി. അനില്‍കുമാര്‍, ജോര്‍ജ് ഉമ്മന്‍, വിജയകുമാര്‍, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരി എട്ടിനാണ് കമ്പനിയില്‍ വച്ചുണ്ടായ ഒരപകടത്തില്‍ ഇരുകൈകളും നഷ്ടമായത്. കൈമാറ്റിവയ്ക്കുന്നതിനുള്ള പണം ഷിഫിന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്മെന്റും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ലഭ്യമാക്കിയത്. അമൃത ആശുപത്രിയിലെ 14ാമത്തെ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്.
Post a Comment