സന്തോഷം നൽകുന്ന എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ മനോഹരമാക്കുന്നതിൽ ഇത്തരം വീഡിയോകൾക്ക് വലിയ പങ്കുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് പേരുടെ ഹൃദയം തൊടുന്നത്. പറളിയിൽ നിന്നുള്ള വീഡിയോ സുധീർ സുലൈമാൻ എന്നയാളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എല്ലാ ദിവസവും തൻ്റെ ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക്, വേനലവധിക്ക് സ്കൂൾ അടക്കുന്ന ദിവസം സർപ്രൈസ് സമ്മാനമായി ബിരിയാണി നൽകുന്ന ഓട്ടോ മാമനാണ് വീഡിയോയിൽ ഉള്ളത്.
എല്ലാ ദിവസവും തങ്ങളെ സുരക്ഷിതരായി സ്കൂളിൽ കൊണ്ട് പോവുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഓട്ടോ മാമനെ കുട്ടികൾ ഞെട്ടിക്കുകയും ചെയ്തു. ഒരു വാച്ച് ആണ് കുട്ടികൾ ഓട്ടോ മാമന് സർപ്രൈസ് സമ്മാനമായി നൽകിയത്. ഇതെപ്പോഴും കെട്ടണമെന്നും അടുത്ത വട്ടം കാണുമ്പോഴും കൈയിൽ വേണമെന്നും കുട്ടികൾ പറയുന്നുമുണ്ട്. വളരെ ഹൃദ്യമായ ഒരു കാഴ്ച എന്ന് കുറിച്ച് കൊണ്ടാണ് സുധീർ ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്. ബാപ്പൂജി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഓട്ടോ മാമന് സ്നേഹ സമ്മാനം നൽകിയത്.
Post a Comment