Join News @ Iritty Whats App Group

മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുകയും ദുര്‍വ്യാഖ്യാനവും ചെയ്യപ്പെടുകയും ചെയ്യുന്നു;കണ്ണൂര്‍ രൂപത മെത്രാന്‍




യ്യന്നൂര്‍: ക്രിസ്തുവിന്‍റെ സ്‌നേഹം മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച്‌ കടന്നുചെല്ലുന്ന മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുകയും ദുര്‍വ്യാഖ്യാനവും ചെയ്യപ്പെടുകയും വലിയ സഹനങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയുമാണെന്ന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതല.
ഏഴിമല ലൂര്‍ദ് മാതാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശുമലകയറ്റത്തിന് തുടക്കമായി സംസാരിക്കുകയായിരുന്നു ബിഷപ്. ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി രാഷ്‌ട്രത്തിന് വേണ്ടി പ്രാര്‍ഥിക്കാനായി നിര്‍ദേശിക്കപ്പെട്ട ദിവസമാണെന്നും ഭാരതമിന്ന് തെരഞ്ഞെടുപ്പിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നും ബിഷപ് ഓര്‍മിപ്പിച്ചു. 

നമ്മുടെ ഭാവി ഭരണാധികാരികളായി രാഷ്‌ട്രത്തിന് വേണ്ടി സമര്‍പ്പിതരാകുന്ന വ്യക്തികള്‍ രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും മുറുകെ പിടിക്കുന്നവരായിരിക്കണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ സമത്വവും സ്വാതന്ത്ര്യവും എല്ലാവരേയും ബഹുമാനിക്കുന്ന വിധത്തിലുള്ള ദര്‍ശനം സ്വന്തമാക്കുന്നവരുമായിരിക്കണം. വടക്കേ ഇന്ത്യയിലെ പല മിഷന്‍ കേന്ദ്രങ്ങളും നിത്യസഹനങ്ങളിലൂടെ കടന്നുപോവുകയാണ് കണ്ണൂര്‍ രൂപതയുടെ വികസന ചരിത്രം മിഷണറിമാരുടെ ശുശ്രൂഷയുടേയും സേവനത്തിന്‍റേയും സമര്‍പ്പണത്തിന്‍റേയും ചരിത്രം കൂടിയാണ്. -ബിഷപ് പറഞ്ഞു.

മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്ന് മലമുകളിലെ ദേവാലയത്തിലേക്കാണ് കുരിശിന്‍റെ വഴി നടത്തിയത്. കണ്ണൂര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും സംഘടനാ പ്രവര്‍ത്തകരും വിശ്വാസികളുമുള്‍പ്പെടുന്ന നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

പാതയോരത്തെ പതിനാല് കുരിശുകള്‍ക്കും മുന്നിലൂടെ യേശുവിന്‍റെ പീഡാസഹനം സ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥനകളും ഗാനങ്ങളുമായി മുന്നേറിയ കുരിശിന്‍റെ വഴി മലമുകളിലെ ലൂര്‍ദ്മാതാവിന്‍റെ തീര്‍ഥാടന കേന്ദ്രത്തില്‍ സമാപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group