Join News @ Iritty Whats App Group

കേരളത്തിന് ലഭിച്ചത് കേന്ദ്ര സഹായമല്ല; നടക്കുന്നത് വ്യാജപ്രചരണം; അര്‍ഹതപ്പെട്ട ഐജിഎസ്ടി വിഹിതമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍



കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നികുതി വിഹിതമായി 2736 കോടി രൂപയും, ഐജിഎസ്ടിയുടെ സെറ്റില്‍മെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയില്‍തന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവയെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2736 കോടി രൂപ തന്നിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്.

അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐജിഎസ്ടി കേന്ദ്ര ഖജനാവിലാണ് എത്തുക. ഇത് സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐജിഎസ്ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.

സാധാരണ ഗതിയില്‍ യാതൊരു തര്‍ക്കങ്ങളുമില്ലാതെ കേരളത്തിന് അര്‍ഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്പാനുമതി പോലും കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ സംസ്ഥാനം നല്‍കിയ പരാതി പിന്‍വലിച്ചാല്‍ ഈ അനുമതി നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വര്‍ധിച്ച ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരം തുകകള്‍ എടുക്കുന്നതിനുള്ള അനുമതികള്‍ നല്‍കിയിട്ടുമുണ്ടെന്നും കെ എന്‍ ബാലഗോപാല്‍
പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group