Join News @ Iritty Whats App Group

കോഴ്‌സിനായി വാങ്ങിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി, മാനേജർ അറസ്റ്റിൽ


കോഴിക്കോട്: അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്‌സ് നടത്തി തങ്ങളുടെ പണം തട്ടിയെടുത്തുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്ടെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തി(42)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങള്‍ ഫീസ് വാങ്ങി തങ്ങളെ വഞ്ചിക്കുകയും സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

ഡയാലിസിസ് ടെക്‌നീഷ്യന്‍, റേഡിയോളജി ടെക്‌നീഷ്യന്‍ തുടങ്ങിയ കോഴ്‌സുകളിലായി 64 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ഉണ്ടെന്നു പറഞ്ഞ് തങ്ങളില്‍ നിന്ന് 1.20 ലക്ഷം രൂപയോളം ഫീസ് ഇനത്തില്‍ ഈടാക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ പ്രായോഗിക പരിശീലനത്തിനായി ഇവര്‍ മറ്റ് ആശുപത്രികളില്‍ ചെന്നപ്പോഴാണ് കോഴ്‌സുകള്‍ക്ക് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫീസും എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളും തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ മാനേജര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

പാരാമെഡിക്കല്‍ സ്ഥാപനമായിട്ടും ഒരു ലാബ് പോലും ഇവിടെ സജ്ജീകരിച്ചിട്ടില്ലെന്നും കംപ്യൂട്ടര്‍ ഹാളോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. മൂന്ന് തവണയായി വിവിധ കെട്ടിടകങ്ങളിലേക്ക് സ്ഥാപനം മാറ്റുകയുണ്ടായി. തങ്ങളുടെ സെമസ്റ്റര്‍ പരീക്ഷാ പേപ്പര്‍ പോലും ഓഫീസിലെ അലമാരയില്‍ കണ്ടതായും കുട്ടികള്‍ ആരോപിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് പാളയത്തെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫീസില്‍ എത്തി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതിന് ശേഷമാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. ശ്യാംജിത്തിനെിതിരെ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കും. പൊലീസ് എറണാകുളത്ത് നടത്തിയ പരിശോധനയില്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group