മാനന്തവാടി: വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം. നാട്ടുകാരനായ സുകു എന്നാ വ്യക്തിയെ ആണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. അതേസമയം,വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും.
മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണമായിരിക്കും ചർച്ചയുടെ പ്രധാന ഉള്ളടക്കം. വനംമന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കർണാടകയുടെ ഈശ്വർ ഖണ്ഡ്രെ, തമിഴ്നാട്ടിലെ എം. മതിവേന്ദൻ എന്നിവർ പങ്കെടുക്കും. ബേലൂർ മഖ്നയുണ്ടാക്കിയ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്.
Post a Comment