മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇഡി കസ്റ്റഡിയിൽ തുടരുന്നു. കേസിൽ കസ്റ്റഡിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ കവിതയെയും കെജ്‌രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. ഇഡി കസ്റ്റഡിയിൽ വിട്ട റൂസ് അവന്യൂ കോടതി നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ കെജ്‌രിവാൾ സമീപിച്ചെങ്കിലും, അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിൻ്റെ ആവശ്യം അംഗീകരിച്ചില്ല.
ഹോളിക്ക് ശേഷം ബുധനാഴ്ച മാത്രമേ ഹൈക്കോടതി ഹർജി പരിഗണിക്കൂ. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്നലെ രാത്രി കെജ്‍രിവാളിനെ ഭാര്യ സുനിത ഇഡി ഓഫിസിലെത്തി സന്ദര്‍ശിച്ചിരുന്നു. അതേസമയം കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ ചലിപ്പിക്കാനാവില്ലെന്നും ബിജെപി പറയുന്നു.
ഇതിനിടെ പഞ്ചാബ് മദ്യ നയ അഴിമതിയിൽ എഎപി മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെതിരെ ഇഡി അന്വേഷണവും ബിജെപി ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മദ്യനയം മൂലം ആയിരം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.
കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്ന പ്രചരണം ശക്തമാക്കാനാണ് തീരുമാനം.
Post a Comment