Join News @ Iritty Whats App Group

കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം തലശ്ശേരിക്കാരന്റേതെന്ന് സംശയം ; ഐടി ജീവനക്കാരനെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ പോലീസ്



തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉപേക്ഷിക്കപ്പെട്ട ടാങ്കിനുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ തലശ്ശേരി സ്വദേശിയായ ഐടി ജീവനക്കാരന്റേതെന്ന് സൂചന. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ലൈസന്‍സുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് നടത്തുകയും ഇയാളുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തതായിട്ടാണ് സൂചനകള്‍.

വീട്ടുകാര്‍ അടുത്ത ദിവസം സ്ഥലത്തെത്തുന്നുണ്ട്.അസ്ഥികൂടം ആരുടേതെന്ന് കൃത്യമായി തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തും. കേരളാ സര്‍വകലാശാലയിലെ കാടു കയറിയ ഭാഗത്തെ ഉപേക്ഷിച്ച ടാങ്കിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അസ്ഥികൂടം. പുറത്തെ കമ്പിയില്‍ കയര്‍ കെട്ടിയ ശേഷം ടാങ്കിനുള്ളില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന രീതിയിലാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നും പോലീസിന് 2011 ല്‍ നല്‍കിയ ഒരു ലൈസന്‍സും കിട്ടുകയായിരുന്നു.

ലൈസന്‍സിലെ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും ഇവര്‍ തലശ്ശേരിയില്‍ താമസിച്ചിരുന്നതായൂം പിന്നീട് ഇവിടെ നിന്നും കോഴിക്കോട്ടേക്കും അവിടെ നിന്നും വീണ്ടും ചെന്നൈയിലേക്കും പോയതായി കണ്ടെത്തി. ഈ വിലാസവുമായി ബന്ധപ്പെട്ട ഒരു യുവാവിനെ 2008 ല്‍ ചെന്നൈയില്‍ നിന്നും കാണാതായതായി എഗ്മൂര്‍ സ്‌റ്റേഷനില്‍ കുടുംബം പരാതി നല്കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍ കാണാതായ യുവാവ് പിന്നീട് ഒരു തവണ മാത്രം വീട്ടുകാരെ വിളിച്ചെങ്കിലും അതിന് ശേഷം ഒരിക്കലും വിളിക്കുകയും ചെയ്തിട്ടില്ല.

യുവാവ് തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്തിരുന്നതായുള്ള സൂചനകളുമുണ്ട്. എന്നാല്‍ അക്കാര്യം സ്ഥിരീകരിക്കാന്‍ സാലറി സ്‌ളിപ്പ് നോക്കണമെന്ന സ്ഥിതിയിലാണ്. ചെന്നൈയിലുള്ള പിതാവിനെ പോലീസ് തിരുവനന്തപരത്തേക്ക് വിളിച്ചിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിലെ കാടുകയറിയ ഭാഗത്താണ് പ്രവര്‍ത്തനരഹിതമായി ഉപേക്ഷിക്കപ്പെട്ട കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ മതില്‍ പണിതിട്ട് നാലു വര്‍ഷമേ ആയിട്ടുള്ളൂ. അതിന് മുമ്പ് ഇവിടുത്തെ പ്രദേശങ്ങള്‍ ആര്‍ക്കും കയറാവുന്ന സ്ഥിതിയിലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group