തിരുവനന്തപുരം: കണ്ണൂര്‍ തളിപ്പറമ്പില്‍ പരിശോധനക്കെത്തിയ ആര്‍ടിഒ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന ആരോപണത്തില്‍ മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. തളിപ്പറമ്പ് ആര്‍ടിഒ വാഹനത്തിന് 25.07.2024 വരെ കാലാവധിയുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ആണ് ഉണ്ടാവുക. അത് പലപ്പോഴും പരിവാഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ആകാറില്ലെന്ന് എംവിഡി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞത്. എംവിഡി വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ആറ് മാസമായി ആ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചത്. കാലാവധി കഴിഞ്ഞ മലിനീകരണ സര്‍ട്ടിഫിക്കറ്റായിരുന്നു ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തിയാണ് എംവിഡിയുടെ വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത്. ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനത്തിൽ എത്തിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്ന സോഷ്യൽമീഡിയ പരിഹാസങ്ങൾക്ക് പിന്നാലെയാണ് എംവിഡിയുടെ മറുപടി.
Post a Comment