Join News @ Iritty Whats App Group

കണ്ണൂരില്‍ ടി സിദ്ധിഖിനെയും പരിഗണിച്ച്‌ കോണ്‍ഗ്രസ്; കല്‍പ്പറ്റയില്‍ ഉപതിരഞ്ഞെടുപ്പെങ്കില്‍ സുധാകരന്‍




കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ഇപ്പോഴും ചര്‍ച്ച തുടരുന്നു. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമാവാത്തതിനാലാണ് പല സാധ്യതകളും അന്വേഷിക്കുന്നത്.

ടി സിദ്ധിഖിനെ കണ്ണൂരിലേക്ക് പരിഗണിക്കുന്നുണ്ട്. 

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട് എന്നതിനാലാണ് ടി സിദ്ധിഖിലേക്ക് ആലോചനകളെത്തിയത്. ടി സിദ്ധിഖ് കണ്ണൂരില്‍ വിജയിക്കുകയാണെങ്കില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് നേതൃത്വം കണക്കൂകൂട്ടുന്നത്. 

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് 6 മണിക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുക്കും. കേരളത്തില്‍ വയനാട്, ആലപ്പുഴ മണ്ഡലങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാന്‍ ഉള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കും.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കിലും പാര്‍ട്ടി ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില്‍ സാമുദായിക സമവാക്യം പരിഗണിച്ച്‌ ഒരു സ്ഥാനാര്‍ത്ഥിയാകും ആലപ്പുഴയില്‍ എത്തുക. കേരളത്തിന്റെ ചര്‍ച്ചകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയില്‍ ഉണ്ട്.

വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേഠി കൂടി തിരഞ്ഞെടുക്കും എന്നാണ് വിവരം. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. തര്‍ക്കങ്ങള്‍ ഇല്ലാത്തതും സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതുമായ മണ്ഡലങ്ങള്‍ ആദ്യം പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group